മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും ഷരീഫ്
World
മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും ഷരീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2013, 12:23 am

[]ഇസ്ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടേണ്ടിവരുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്.

രണ്ടു തവണ ഭരണഘടന അട്ടിമറിച്ച  മുഷറഫിന്റെ പ്രവൃത്തി ഭരണഘടനയുടെ ആറാം വകുപ്പിന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ വിചാരണ നേരിട്ട് തന്റെ പ്രവൃത്തിക്ക് ഉത്തരം പറയേണ്ടിവരുമെന്നും ഷരീഫ് പറഞ്ഞു. []

ഷരീഫിന്റെ തീരുമാനം പ്രതിപക്ഷം സ്വാഗതം ചെയ്തു. എല്ലാ സ്വേച്ഛാധിപതികളുടെയും ചിത്രങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ഖുര്‍ഷിദ് ഷാ ആവശ്യപ്പെട്ടു.

2007 നവംബര്‍ മൂന്നിന് ഭരണഘടന സസ്‌പെന്‍ഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഗുരുതരമായ രാജ്യദ്രോഹ കുറ്റമാണെന്നും ഭരണഘടനയുടെ ആറാം വകുപ്പിന്റെ പരിധിയില്‍ വരുന്നതാണന്നും ഷരീഫ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. മുഷറഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനോട് നവാസ് ഷരീഫ് സര്‍ക്കാറിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. നിലപാട് അറിയിക്കാന്‍ 30 ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും മൂന്നു ദിവസമാണ് സുപ്രീംകോടതി നല്‍കിയത്.

കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മുശര്‍റഫിന് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാനിടയുണ്ട്. പാക് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് രാജ്യദ്രോഹത്തിന് വിചാരണ നേരിടാന്‍ പോവുന്നത്.