| Sunday, 23rd September 2018, 10:17 pm

സൗഹൃദം സൂക്ഷിക്കാനുള്ള താല്‍പര്യം പാകിസ്താന്റെ ബലഹീനതയായി കാണരുത്: സമാധാന ചര്‍ച്ച റദ്ദ് ചെയ്ത ഇന്ത്യയോട് ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ഇന്ത്യയുമായി സൗഹൃദം സൂക്ഷിക്കാനുള്ള താല്‍പര്യം പാകിസ്താന്റെ ബലഹീനതയായി കാണരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാകാത്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം മാറ്റിവയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നുണ്ട്.

തീവ്രവാദവും കാശ്മീര്‍ പ്രശ്‌നവുമുള്‍പ്പടെ തന്ത്രപ്രധാന വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി മോദിക്ക് ഇമ്രാന്‍ ഖാന്‍ കത്തെഴുതിയിരുന്നു. ആവശ്യം കണക്കിലെടുത്ത് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച പിന്നീട് റദ്ദു ചെയ്യുകയായിരുന്നു.

കാശ്മീരിലെ പൊലീസുകാരുടെ കൊലപാതകങ്ങളും തീവ്രവാദി ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റല്‍ സ്റ്റാംപുകള്‍ പുറത്തിറക്കിയതുമാണ് ചര്‍ച്ചകള്‍ വേണ്ടെന്നു വയ്ക്കാനുള്ള കാരണം.

Also Read: ആയുഷ്മാന്‍ യോജനയെക്കാള്‍ മികച്ച ആരോഗ്യസംരക്ഷണം നിലവിലുണ്ട്; മോദിയുടെ പദ്ധതിയെ നിരാകരിച്ച് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍

“ധാര്‍ഷ്ട്യം മാറ്റിവച്ച് പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യന്‍ നേതൃത്വം തയ്യാറാകണം. സൗഹൃദം നിലനിര്‍ത്താനുള്ള ഞങ്ങളുടെ ശ്രമം ബലഹീനതയായി കാണരുത്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം പട്ടിണി തുടച്ചുമാറ്റാന്‍ സഹായിക്കും.” ഇമ്രാന്‍ ഖാന്‍ പറയുന്നു.

പാകിസ്താനെ ഭീഷണിപ്പെടുത്തരുതെന്നും വിദ്വേഷത്തോടു രാജ്യം സഹിഷ്ണുത കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചയ്ക്കായുള്ള ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി നിരാശാജനകമാണെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തേ ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇമ്രാന്‍ ഖാന്‍ അനാവശ്യമായ തിടുക്കം കാണിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പാകിസ്താനിലെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടികളായ പാകിസ്താന്‍ മുസ് ലിം ലീഗ് -നവാസ് വിഭാഗവും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും നിശിത വിമര്‍ശനവുമായി രംഗത്തുണ്ട്.

We use cookies to give you the best possible experience. Learn more