ബിര്‍മിങ്ഹാം: കരീബിയന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മറികടന്ന് പാക്കിസ്ഥാന്‍ താരം ബാബര്‍ അസം. ഏറ്റവും വേഗം മൂവായിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി അസം ഇന്നു മാറി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയാണ് ഒന്നാംസ്ഥാനത്ത്.
തന്റെ 68 ഇന്നിങ്‌സുകളില്‍ നിന്നാണ് അസം ഈ നേട്ടം സ്വന്തമാക്കിയത്. 69 ഇന്നിങ്‌സുകളിലായിരുന്നു റിച്ചാര്‍ഡ്‌സിന്റെ നേട്ടം. അംല 57 ഇന്നിങ്‌സുകളില്‍ നിന്ന് മൂവായിരം റണ്‍സ് നേടിയിരുന്നു.
ബിര്‍മിങ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന മത്സരത്തിലാണ് അസമിന്റെ നേട്ടം. മത്സരത്തില്‍ അസം ഇതുവരെ 99 റണ്‍സാണു നേടിയത്. 23 പന്തില്‍ നിന്ന് വെറും 14 റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് ഇനി ജയിക്കാന്‍ വേണ്ടത്. മത്സരത്തില്‍ അസം സെഞ്ചുറി നേടിയാല്‍ തന്റെ ഏകദിന കരിയറിലെ പത്താം ശതകമായിരിക്കും അത്.
24-കാരനായ അസം ലാഹോര്‍ സ്വദേശിയാണ്. 70 ഏകദിനങ്ങളില്‍ നിന്നായി 3066 റണ്‍സാണ് അസം നേടിയിട്ടുള്ളത്. 52.83-ന്റെ മികച്ച ശരാശരിയാണ് അസമിനുള്ളത്.
അതേസമയം 21 ടെസ്റ്റുകള്‍ കളിച്ച അസം 1235 റണ്‍സാണ് നേടിയത്. 35.29 ആണ് ശരാശരി.
2015 മെയ് 31-ന് സിംബാബ്‌വെയ്‌ക്കെതിരേ ഗദ്ദാഫി സ്‌റ്റേഡിയത്തിലാണ് അസം ആദ്യമായി അന്താരാഷ്ട്ര കുപ്പായം അണിയുന്നത്. അടുത്തവര്‍ഷമായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം.
ഏകദിനത്തിലെ ബാറ്റ്‌സ്മാന്മാരുടെ ഐ.സി.സി റാങ്ക് പട്ടികയില്‍ എട്ടാംസ്ഥാനത്തുള്ള അസം ട്വന്റി20-യില്‍ ഒന്നാംസ്ഥാനത്താണ്.