| Thursday, 2nd August 2012, 9:44 am

പാക്കിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യയില്‍ നിക്ഷേപം നടത്താം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സാമ്പത്തിക സഹകരണങ്ങള്‍ വികസിപ്പിക്കാനും ഇന്ത്യ നയങ്ങള്‍ മയപ്പെടുത്തുന്നു. ഇതിന്റ മുന്നോടിയായി പാകിസ്ഥാനി പൗരന്‍മാര്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്ന നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജ്ജം എന്നീ മേഖലകള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
[]
ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പാണ് (ഡി.ഐ.പി.പി) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. “പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയില്‍ കൂട്ടു സംരംഭങ്ങള്‍ ഏതുമേഖലയില്‍ തുടങ്ങാനും ഇനിമുതല്‍ കഴിയും. റിയല്‍ എസ്റ്റേറ്റ്, ഓഹരി കമ്പോളം, ഊര്‍ജ്ജം മുതലായ ഏതുമേഖലയിലും അവര്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. അംഗീകാരം നല്‍കുന്നതിനു മുമ്പ് ഈ നിക്ഷേപങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.” ഡി.ഐ.പി.പിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് തടയുന്ന നിയമമായ ഫോറിന്‍ എക്‌സേചേയ്ഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ)-ല്‍ നെഗറ്റീവ് ലിസ്റ്റിലെ ഏക രാജ്യം പാകിസ്ഥാനാണ്. 2006ല്‍ ഈ ലിസ്റ്റില്‍ നിന്നും ശ്രീലങ്കയും 2007ല്‍ ബംഗ്ലാദേശും ഒഴിവാക്കപ്പെട്ടിരുന്നു.

വ്യാപാരസന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.

We use cookies to give you the best possible experience. Learn more