ഇന്ത്യ-ചൈന സംഘര്‍ഷത്തിലെ ഇന്‍ഫോ വാറിന് പിന്നില്‍ പാകിസ്താനികള്‍
India-China Boarder Issue
ഇന്ത്യ-ചൈന സംഘര്‍ഷത്തിലെ ഇന്‍ഫോ വാറിന് പിന്നില്‍ പാകിസ്താനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 8:32 am

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയതിന് പിന്നില്‍ പാകിസ്താനികള്‍ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള അതിര്‍ത്തി ഏറ്റുമുട്ടലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച നിരവധി ‘ചൈനീസ്’ അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മേയ് മാസത്തില്‍ ആരംഭിച്ച ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ ഗല്‍വാന്‍ ഏറ്റുമുട്ടലിലാണ് അവസാനിക്കുന്നത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ചൈനീസ് അക്കൗണ്ടുകള്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നത് യഥാര്‍ത്ഥത്തില്‍ പാകിസ്താനില്‍ നിന്നുള്ളവയായിരുന്നെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വി.പി.എന്‍ വഴി ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യാജപ്രചരണം നടത്തിയ പല അക്കൗണ്ടുകളുടേയും നേരത്തേയുണ്ടായിരുന്ന പേരുകള്‍ ഉറുദു ഭാഷയിലുള്ളതായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഷിയിംഗ്637 എന്ന പേരില്‍ നിലവിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ ഹിനാര്‍ബി2 എന്ന പേരിലുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സൈന്യത്തേയും അതിര്‍ത്തിയേയും കുറിച്ചുള്ള നിരവധി ട്വീറ്റുകള്‍ ഈ അക്കൗണ്ടിലുണ്ടായിരുന്നു.

അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് ചൈനീസ് ഭാഷയില്‍ ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന അക്കൗണ്ടുകളില്‍ നേരത്തെ ഉറുദു ഭാഷയിലായിരുന്നു ട്വീറ്റുകളുണ്ടായിരുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ ലഭ്യമല്ല.

ഏറ്റുമുട്ടലില്‍ നിന്നുള്ള അപകടങ്ങള്‍, പരിക്കേറ്റ സൈനികരുടെ ചിത്രങ്ങള്‍, അതിര്‍ത്തിയില്‍ നേരത്തെയുണ്ടായിരുന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ എന്നിവ ഈ അക്കൗണ്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ചൈനീസ് മാധ്യമങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങളും ഈ അക്കൗണ്ടുകളില്‍ പങ്കുവെക്കാറുണ്ട്. ചൈനീസ് ഡിപ്ലോമാറ്റുകളടക്കം 17000 ത്തിലധികം ഫോളോവേഴ്‌സ് ഈ അക്കൗണ്ടുകള്‍ക്കുണ്ട്.