| Friday, 21st January 2022, 12:58 pm

മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ വാട്‌സ്ആപ്പ് വഴി അയച്ചു; പാകിസ്ഥാനില്‍ യുവതിക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന് പാകിസ്ഥാനില്‍ യുവതിക്ക് വധശിക്ഷ.

തന്റെ സുഹൃത്തിന് ‘ദൈവനിന്ദാപരമായ മെസേജുകളും വിശുദ്ധനായ പ്രവാചകന്റെ കാരിക്കേച്ചറുകളും’ അയച്ചു എന്ന കുറ്റം ചാര്‍ത്തിയാണ് പാകിസ്ഥാന്‍ കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചത്.

ബുധനാഴ്ചയായിരുന്നു റാവല്‍പിണ്ടിയിലെ കോടതി അനിക അറ്റിഖ് എന്ന യുവതി കുറ്റക്കാരിയെന്ന് വിധിച്ചത്.

സുഹൃത്തായ ഫാറൂഖ് ഹസനാത് എന്നയാള്‍ തന്നെയാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പ്രവാചകനെതിരായ ദൈവനിന്ദ, ഇസ്‌ലാമിനെ അപമാനിക്കല്‍, സൈബര്‍ നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തി യുവതിക്കെതിരെ കേസെടുത്തിരുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കോടതി വിചാരണ സമയത്ത് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി നിഷേധിച്ചിരുന്നു. പരാതിക്കാരന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസ് കൊടുക്കാന്‍ കാരണമെന്ന് യുവതി പറഞ്ഞെങ്കിലും കോടതി അത് പരിഗണനക്കെടുത്തില്ല.

ഫാറൂഖ് അനികയും സുഹൃത്തുക്കളായിരുന്നെന്നും എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിരിഞ്ഞതിന് ശേഷം അനിക ഇയാള്‍ക്ക് ദൈവനിന്ദാപരമായ മെസേജുകള്‍ അയക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ‘ദൈവനിന്ദാപരമായ മെറ്റീരിയലുകള്‍’ ട്രാന്‍സ്മിറ്റ് ചെയ്തുവെന്നും യുവതിക്കെതിരെ പരാതിയില്‍ ആരോപണമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pakistani woman sentenced to death for sending caricatures of Prophet on WhatsApp

We use cookies to give you the best possible experience. Learn more