| Monday, 7th March 2022, 12:48 pm

പാകിസ്ഥാന്‍ ഒന്നും ചെയ്ത് തന്നില്ല, ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യ:പാക് വിദ്യാര്‍ത്ഥിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി.

ഉക്രൈനിലെ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് പാക് എംബസിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.

റഷ്യ ഉക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്ഥാനി ദിനപത്രം-ഡോണിനോട് പറഞ്ഞു.

ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു. ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്- മിഷ പറഞ്ഞു.

അതേസമയം, ഉക്രൈനില്‍ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച് യു.എന്നില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നിരുന്നു. ‘പാകിസ്ഥാന്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ’ എന്ന് ചോദിച്ചായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

ഉക്രൈനിലെ അധിനിവേശത്തെ അപലപിക്കണമെന്നാവശ്യപ്പെട്ട് 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍ സംയുക്തമായി ഇമ്രാന്‍ ഖാന് കത്തയച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlights: Pakistani student, helped by India to evacuate from Ukraine, slams its embassy for doing nothing

We use cookies to give you the best possible experience. Learn more