സോഷ്യൽ മീഡിയകൾ വിലക്കി പാകിസ്ഥാൻ; നിരോധനം ആറ് ദിവസത്തേക്ക്
Worldnews
സോഷ്യൽ മീഡിയകൾ വിലക്കി പാകിസ്ഥാൻ; നിരോധനം ആറ് ദിവസത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 1:15 pm

ഇസ്‌ലാമാബാദ്: സോഷ്യൽ മീഡിയകൾ ആറ് ദിവസത്തേക്ക് നിരോധിക്കാനൊരുങ്ങി പാകിസ്ഥാൻ. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബാണ് സോഷ്യൽ മീഡിയക്ക് നിരോധനം കൊണ്ടുവരുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന മതപരമായ ഘോഷയാത്രകളിൽ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കുന്നത്. ആറ് ദിവസത്തേക്കാണ് നിരോധനമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.

വിഭാഗീയ അക്രമങ്ങൾ ഒഴിവാക്കുന്നതിനായി വിദ്വേഷകരമായ വിവരങ്ങളും തെറ്റായ വിവരങ്ങളും നിയന്ത്രിക്കുന്നതിന് ജൂലൈ 13 മുതൽ 18 വരെയാണ് സോഷ്യൽ മീഡിയക്ക് നിയന്ത്രണം. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ക് ടോക് എന്നിവയുൾപ്പെടെ എല്ലാ സോഷ്യൽ മീഡിയകളും നിരോധിക്കാൻ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസ് ശുപാർശ ചെയ്തു.

മുഹറമിലെ ആഷുറാ ഘോഷയാത്ര പരിപാടികളെ തുടർന്നാണ് നിരോധനം. ന്യൂനപക്ഷമായ ഷിയാ മുസ്‌ലിങ്ങൾ ആചരിക്കുന്ന 10 ദിവസത്തെ ദുഃഖാചരണമാണ് ഇത്. ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം-ഉൽ-ഹറമിൻ്റെ പത്താം ദിവസം ഷിയാ മുസ്‌ലിങ്ങൾക്കിടയിൽ പവിത്രമായി കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും അവർ മുഹമ്മദ് നബിയുടെ ചെറു മകനായ മത നേതാവ് ഹുസൈൻ ഇബ്നു അലിയുടെ മരണത്തെ അനുസ്മരിക്കും.

ഇതാദ്യമായല്ല പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള നടപടികൾ കൊണ്ടു വരുന്നത്. ദേശീയ സുരക്ഷാ ആശങ്കകൾ പരാമർശിച്ചു കൊണ്ട് ഫെബ്രുവരിയിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രാലയം എക്സിന് വിലക്കേർപ്പെടുത്തിയിരുന്നു.

മുഖ്യ പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനങ്ങൾ ഉയർത്തുന്നതിനിടെയായിരുന്നു ഇങ്ങനെ ഒരു നീക്കം. എക്സിന്റെ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് പൗരാവകാശ പ്രവർത്തകർ വിമർശിച്ചിരുന്നു.

Content Highlight: Pakistani province set to ban all social media