പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണിയടിച്ച് കയറ്റി; ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി ചെയ്തതെന്ന് റിപ്പോര്‍ട്ട്
World News
പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണിയടിച്ച് കയറ്റി; ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി ചെയ്തതെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th February 2022, 5:10 pm

ലാഹോര്‍: പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. ആണ്‍കുട്ടിയെ പ്രസവിക്കുന്നതിന് വേണ്ടി, എന്ന പേരിലാണ് യുവതിയുടെ തലയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ആണിയടിച്ച് കയറ്റിയത്.

തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും, എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് ഈ ക്രൂരത ചെയ്തത്.

യുവതിയെ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

”യുവതി ബോധാവസ്ഥയില്‍ തന്നെയായിരുന്നു. എന്നാല്‍ അതിതീവ്രമായ വേദന അനുഭവിക്കുകയായിരുന്നു അവര്‍,” യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ എ.എഫ്.പിയോട് പ്രതികരിച്ചു.

തലയില്‍ അടിച്ച് കയറ്റിയ ആണി ഊരിയെടുക്കാന്‍ സ്വയം ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് യുവതി ആശുപത്രിയിലെത്തിയതെന്നും ഡോക്ടര്‍ ഖാന്‍ പറഞ്ഞു. ആണി തലയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്.

അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച് കയറ്റിയിരുന്നത് എന്നാണ് എക്‌സ്- റേയില്‍ കാണുന്നത്.

എന്നാല്‍ ഇത് തലച്ചോറിനെ ബാധിച്ചിട്ടില്ല എന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ആണി നെറ്റിയിലേക്ക് അടിച്ചുകയറ്റാന്‍ ചുറ്റികയോ മറ്റെന്തെങ്കിലും കനമുള്ള വസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ പറഞ്ഞു.

സംഭവത്തില്‍ പെഷവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Content Highlight: Pakistani pregnant woman had nail hammered into head to ‘guarantee’ baby boy