പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ പുരാതന ബുദ്ധ പ്രതിമ നശിപ്പിച്ചെന്നാരോപിച്ച് നാല് പേരെ പാകിസ്താന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചരിത്രപ്രാധാന്യമുള്ള ബുദ്ധിസ്റ്റ് സൈറ്റിന് സമീപം നിര്‍മാണ ജോലികള്‍ ചെയ്യുന്നതിനിടെ കണ്ടെത്തിയ പുരാതന ബുദ്ധ പ്രതിമ നശിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരാള്‍ ചുറ്റിക കൊണ്ട് ബുദ്ധ പ്രതിമ തകര്‍ത്തതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മണിക്കൂറുകള്‍ക്കകമാണ് മര്‍ദാന്‍ ജില്ലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തത്.
ബുദ്ധപ്രതിമ ചരിത്രപ്രാധാന്യമുള്ളതാണെന്ന് പ്രാദേശിക പുരാവസ്തു ഗവേഷകര്‍ പിന്നീട് വിലയിരുത്തി.
രാജ്യത്തെ പുരാവസ്തു നിയമപ്രകാരം കുറ്റാരോപിതരായവര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കണം. പുരാതനവസ്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നത് നിയമങ്ങള്‍ വിലക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.