| Tuesday, 30th November 2021, 3:10 pm

ഗുരുദ്വാരക്ക് മുന്നിലെ വിവാദ ഫോട്ടോഷൂട്ട്: സിഖ് സമുദായത്തോട് ക്ഷമ ചോദിച്ച് മോഡല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ത്താപൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന് മുന്നില്‍ ശിരോവസ്ത്രമണിയാതെ ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ മോഡല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. പാക്കിസ്ഥാനി മോഡലായ സ്വാല ലാലയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മാപ്പ് പറഞ്ഞത്.

‘അടുത്തിടെ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. അത് ഫോട്ടോഷൂട്ട് ആയിരുന്നില്ല. ചരിത്രത്തെ കുറിച്ച് പഠിക്കാനും സിഖ് സമൂഹത്തെ കുറിച്ച് അറിയാനുമാണ് ഞാന്‍ കര്‍ത്താപൂരിലേക്ക് പോയത്. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താനായിരുന്നില്ല. എന്നിരുന്നാലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. വേറെയും ആളുകള്‍ ചിത്രമെടുക്കുന്നുണ്ടായിരുന്നു, ഞാനും ധാരാളം ചിത്രങ്ങള്‍ എടുത്തു,’ അവര്‍ പറയുന്നു.

‘ഞാന്‍ സിഖ് സംസ്‌കാരത്തെ ബഹുമാനിക്കുന്നു. സിഖ് സമുദായത്തോട് ക്ഷമ ചോദിക്കുകയാണ്. ആ സ്ഥലത്തിന്റെ ഓര്‍മക്കായായാണ് ചിത്രങ്ങള്‍ എടുത്തത്. അതില്‍ കൂടുതലൊന്നുമില്ല. ഇനി ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും,’ സ്വാല കൂട്ടിച്ചേര്‍ത്തു.

‘മന്നത്ത്’ എന്ന പാക്കിസ്ഥാനി ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് ഗുരുദ്വാരക്ക് മുന്നില്‍ ശിരോവസ്ത്രമണിയാതെ പോസ് ചെയ്ത മോഡലിന്റെ ചിത്രങ്ങള്‍ വന്നത്. പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതോടെ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും ഫോട്ടോകള്‍ നീക്കം ചെയ്ത മന്നത്ത് വ്യാപാര കേന്ദ്രവും ഖേദം പ്രകടിപ്പിച്ച് ഇന്ന് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pakistani-model-bareheaded-gurdwara-darbar-sahib-kartarpur-pakistan

We use cookies to give you the best possible experience. Learn more