Pakistan
ഏഴുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: പാകിസ്താനില്‍ പ്രതിഷേധം ശക്തം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 12, 06:33 am
Friday, 12th January 2018, 12:03 pm

ഇസ്‌ലാമാബാദ്: പാകിസ്താനിലെ കസൂര്‍ നഗരത്തില്‍ ഏഴുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച ജനകീയപ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മുഹമ്മദ് ഷെഹ്ബാസ് രാജി വെക്കണമെന്ന മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ പ്രാദേശിക ജനപ്രതിനിധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു.

അതിനിടെ പെണ്‍കുട്ടിയുമായി പോകുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മദ്രസയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉംറ നിര്‍വ്വഹിക്കാനായി സൗദിയില്‍ പോയിരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ #JusticeForZaianab എന്ന ഹാഷ്ടാഗ് ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പഞ്ചാബ് പ്രവിശ്യയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി മുഹമ്മദ് ഷെഹ്ബാസ് പൊലീസിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതിന് സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പാകിസ്താനി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നാണ് ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. നിരവധി പരുക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഈ സംഭവത്തോടെ പ്രദേശത്തെ രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്.

വീഡിയോ:

ചിത്രങ്ങള്‍ :