ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 74 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിട്ടത്.
മത്സരത്തിന് ശേഷം മാധ്യമങ്ങളെ സ്റ്റോക്‌സ് കാണുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ സ്റ്റോക്‌സിനോട് പാകിസ്ഥാനിലെ ഭക്ഷണത്തെ കുറിച്ചും മറ്റും ചോദ്യങ്ങളുയര്‍ന്നിരുന്നു.
പാകിസ്ഥാനിലെ ഭക്ഷണം ഇംഗ്ലണ്ട് താരങ്ങളെ സംബന്ധിച്ച് മോശമായതിനാല്‍ പേഴ്‌സണല്‍ കുക്കുമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തിയത്.
അഭിമുഖത്തിനിടെ ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റോക്‌സിനോട് ചായ എങ്ങനെയുണ്ടായിരുന്നു? (How was the tea?) എന്ന് ചോദിച്ചിരുന്നു. ചായ വളരെ മനോഹരമായിരുന്നു (tea was brilliant) എന്നായിരുന്നു സ്‌റ്റോക്‌സിന്റെ മറുപടി.
എന്നാല്‍ ഈ ചോദ്യം ഇന്ത്യന്‍ സൈനികനായ അഭിനന്ദന്‍ വര്‍ധമാനെ അപമാനിക്കാന്‍ വേണ്ടി ചോദിച്ചതാണെന്നാണ് ആരോപണമുയരുന്നത്.
2019 ബാലാകോട്ട് ആക്രമണത്തില്‍ പാകിസ്ഥാനില്‍ അകപ്പെട്ട് പോയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ ഇതേ ചോദ്യം തന്നെയായിരുന്നു (How was the tea) അവര്‍ അദ്ദേഹത്തോട് ചോദിച്ചതെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനികനെ അപമാനിക്കാന്‍ വേണ്ടിയാണ് സ്‌റ്റോക്‌സിനോട് ഇത്തരത്തില്‍ ചോദ്യമുന്നയിച്ചതെന്നുമാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പറയുന്നത്.
ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരൊന്നാകെ ട്വിറ്ററില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ, 2019 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുമ്പ് അഭിനന്ദന്‍ വര്‍ധമാനെ കളിയാക്കിക്കൊണ്ടുള്ള പരസ്യവും ഒരു പാകിസ്ഥാന്‍ ചാനല്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെയും വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.
അതേസമയം, റാവല്‍പിണ്ടിയിലെ പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആധികാരികമായ ജയം സ്വന്തമാക്കിയിരുന്നു.
ഫസ്റ്റ് ഇന്നിങ്‌സില്‍ 101 ഓവറില്‍ 657 റണ്‍സായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 579 റണ്‍സിന് പുറത്താവുകയായിരുന്നു.
ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 264ന് ഏഴ് വിക്കറ്റില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
343 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 268 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ട് 74 റണ്‍സിന്റെ വിജയമാഘോഷിക്കുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇംഗ്ലണ്ടിനായി. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഒലി റോബിന്‍സണാണ് കളിയിലെ താരം.
ഡിസംബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. മുള്‍ട്ടാനാണ് വേദി.
Content Highlight: Pakistani journalist criticized on Twitter for allegedly insulting Abhinandan Vardhaman