| Monday, 9th March 2020, 9:54 am

'ഞങ്ങള്‍ ദല്‍ഹിയില്‍ ആക്രമണത്തിനിരയായ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം'; ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ച് പാകിസ്താനിലെ ഹിന്ദുക്കള്‍; ഐക്യദാര്‍ഡ്യ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ദല്‍ഹി കലാപത്തിനിരയായ മുസ്ലിങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്താനിലെ ഹിന്ദു സമൂഹം. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ വലിയ ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദല്‍ഹി കലാപം തങ്ങളുടെ ആഘോഷങ്ങളിലെ സന്തോഷമെല്ലാം തകര്‍ത്തുകളഞ്ഞെന്ന് ഇവര്‍ പറഞ്ഞു. ‘ഞങ്ങളുടെ മുസ്‌ലിം സഹോദരങ്ങള്‍ ദല്‍ഹിയില്‍ അടിച്ചമര്‍ത്തപ്പെടുകയും കൊല്ലപ്പെടുകയുമാണ്. അവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ഇത് ഞങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നു.’ പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയ പണ്ഡിറ്റ് മുകേഷ് കുമാര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ മതപരമായ ആചാരങ്ങള്‍ മാത്രമായിരിക്കും ഹോളിക്കുണ്ടായിരിക്കുക എന്നും സാധാരണയായി ഉള്ള ആഘോഷങ്ങളൊന്നും തന്നെ ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്നും ഇവര്‍ അറിയിച്ചു.

പാകിസ്താനിലെ രണ്ട് ശതമാനം മാത്രം വരുന്ന ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഹോളി. നിറങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിക്കുന്ന ഹോളി ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുകയാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

ഏറ്റവും മോശമായ അടിച്ചമര്‍ത്തലിലൂടെ മോഡി സര്‍ക്കാര്‍ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഡോ രാകേഷ് മോഷ്യാനി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more