|

ഇന്ത്യന്‍ ആര്‍മി കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ആര്‍മി കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ടീം ഇന്‍സെന്റ് പി.കെ എന്ന ഹാക്കിങ് ഗ്രൂപ്പ് ആണ് ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്തതിന് പിന്നാലെ പാക് സൈനിക മേധാവി നടത്തിയ വിവാദ ദ്വിരാഷ്ട്ര വാദം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഓഫീഷ്യല്‍ പേജ് ഹാക്ക് ചെയ്തതായി വിവരം പുറത്തുവരുന്നത്.

പാക് സൈനിക മേധാവിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വിവാദ പരാമര്‍ശം തന്നെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ പോസ്റ്റ് ചെയ്തത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആര്‍മി കോളേജ് ഓഫ് നഴ്‌സിങ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നത്. നേരത്തെ ഇന്ത്യ പാകിസ്ഥാന് എതിരെയും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ ബുധനാഴ്ച താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളില്‍ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

Content Highlight: Pakistani hacking group hacks Indian Army College of Nursing website