പാക്കിസ്ഥാന്‍ കൊടി ഉയര്‍ത്തിയതിന് പിന്നില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം
India
പാക്കിസ്ഥാന്‍ കൊടി ഉയര്‍ത്തിയതിന് പിന്നില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2012, 12:11 am

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാക്കിസ്ഥാന്‍ കൊടി ഉയര്‍ത്തിയതിന് പിന്നില്‍ മതവിദ്വേഷം വളര്‍ത്താനുള്ള ഹിന്ദുത്വ സംഘടനകളുടെ ശ്രമമായിരുന്നെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ എല്ലാവരും ശ്രീരാമസേന പ്രവര്‍ത്തകരാണ്.

ജനുവരി ഒന്നിന് കര്‍ണാടകയിലെ സിന്ദഗിയില്‍ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാക്കിസ്ഥാന്‍ കൊടിയുയര്‍ത്തിയത് വിവാദമായിരുന്നു. ശ്രീരാമസേന പ്രവര്‍ത്തകര്‍ മനപൂര്‍വ്വം കൊടിയുയര്‍ത്തി അത് ആ സ്ഥലത്തെ മുസ്‌ലീം വിഭാഗക്കാരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

പ്രതികളെ ആദ്യം ബിജാപൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ദേശദ്രോഹക്കുറ്റം ചെയ്തുവെന്നാരോപിച്ച് സഹതടവുകാര്‍ ഇവരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ബിജാപൂരില്‍ നിന്നും ബെല്ലാ ജില്ലാ ജയിലിലേക്ക് മാറ്റി. തടവുകാരുടെ ആക്രമണത്തില്‍ പ്രധാനപ്രതി രാകേഷ് മേത്തിന് ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളുണ്ട്.

അതിനിടെ, അറസ്റ്റിലായര്‍ ശ്രീരാമസേന പ്രവര്‍ത്തകരല്ലെന്ന് ശ്രീരാമസേന ജില്ലാ യൂണിറ്റ് അറിയിച്ചു. ഇവരെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണെന്നും ശ്രീരാമസേന പറയുന്നു. തങ്ങളുടെ വാദങ്ങള്‍ തെളിയിക്കാനായി  നിരവധി തെളിവുകളും ഇവര്‍ ഹാജരാക്കി. ആര്‍.എസ്.എസിന്റെ പേര് ഈ കേസില്‍ ഉള്‍പ്പെടാതിരിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ശ്രീരാമസേന ആരോപിക്കുന്നു.

അതിനിടെ, ഈ സംഭവങ്ങള്‍ മുഴുവന്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ താല്‍പര്യപ്രകാരം ചെയ്തതാണെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി തന്റെ രാഷ്ട്രീയ അജണ്ഡ നടപ്പാക്കുകയായിരുന്നു ഈ നേതാവിന്റെ ലക്ഷ്യം. പോസ്റ്ററുകളും, ബാനറുകളും, ഫോട്ടോഗ്രാഫുകളുമുള്‍പ്പെടെ  ഇതിന് പിന്നില്‍ തന്റെ കൈകള്‍ പ്രവര്‍ത്തിച്ചുവെന്ന് മനസിലാക്കാവുന്ന എല്ലാ തെളിവുകളും നശിപ്പിക്കണമെന്ന് ഇയാള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാക്കിസ്ഥാന്‍ കൊടിയുയര്‍ത്തിയത്. അതിന് തൊട്ടുപിന്നാലെ മുസ്‌ലീം വിഭാഗക്കാരാണ് ഇതിന് പിന്നിലെന്നാരോപിച്ച് രാകേഷ് മേത്തിന്റെ നേതൃത്വത്തിലുള്ള സംഘം തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ഇവര്‍ റോഡ് ഉപരോധിക്കുകയും ബസിന് നേരെ കല്ലെറിയുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ടാണ് ഇവരെ ഇവിടെനിന്നും ഒഴിപ്പിച്ചത്.

Malayalam News

 

Kerala News In English