പാക്കിസ്ഥാന്‍: പ്രശസ്ത പാക്കിസ്ഥാനി സിനിമാ സംവിധായകനായ ജാമി എന്ന ജംഷദ് മഹ്മൂദ് മീ ടൂ ആരോപണവുമായി രംഗത്ത്. ഞായറാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സംവിധായകന്‍ 13 വര്‍ഷം മുന്‍പ് താന്‍ ലൈംഗികാക്രമണത്തിനിരയായ കാര്യം തുറന്നുപറഞ്ഞത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് ജാമി ട്വീറ്റ് ചെയ്തു.
നിരവധി വ്യക്തികള്‍ മീ ടൂ ആരോപണവുമായി രംഗത്തുവന്ന സമയത്ത് ലൈംഗികാക്രമണം നേരിട്ടവര്‍ക്ക് പിന്തുണയര്‍പ്പിച്ച് ജാമിയും രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് താന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് വെളിപ്പെടുത്തുന്നതെന്ന് സംവിധായകന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ജാമി പറയുന്നതിങ്ങനെ:
‘ഞാന്‍ മീ ടുവിനെ ശക്തമായി പിന്തുണക്കുന്നതെന്തുകൊണ്ടെന്നോ? സാധാരണയായി ഇത്തരം കേസുകളില്‍ നടക്കാറുള്ളത് എന്താണെന്ന് എനിക്കറിയാം. അക്രമിയാല്‍ ചൂഷണത്തിനിരയായ വ്യക്തി അതിന് ശേഷം കോടതിയ്ക്ക് പുറത്തും അകത്തും ചൂഷണത്തിനിരയാവും. ഒരുപാട് പേര്‍ ഇത്തരം അനുഭവങ്ങള്‍ പുറത്തു പറയാത്തതും അതുകൊണ്ടാണ്.
എന്നെ ലൈംഗികമായി ആക്രമിച്ച വ്യക്തി മാധ്യമ മേഖലയിലെ വമ്പനായിരുന്നു. അയാളേക്കാള്‍ പ്രശസ്തനാണ് ഞാന്‍. എന്നിട്ടും…. 13 വര്‍ഷം ഇയാള്‍ക്കെതിരെ രംഗത്തുവരാത്തതില്‍ എനിക്ക് ഖേദമുണ്ട്. ആദ്യമൊക്കെ അയാള്‍ എന്റെ നല്ലൊരു സുഹൃത്തായിരുന്നു’.
ലൈംഗികാക്രമണത്തിനിരയായ കാര്യം തന്റെ അടുത്ത സുഹൃത്തക്കളോട് പറഞ്ഞിരുന്നെങ്കിലും അവരാരും അത് കാര്യമായെടുത്തില്ലെന്നും ജാമി പറഞ്ഞു. മാധ്യമഭീമന്റെ പേര് വെളിപ്പെടുത്തിയിട്ടും തമാശയായാണ് സുഹൃത്തുക്കള്‍ അതിനെ കണ്ടതെന്നും ജാമി പറഞ്ഞു.
‘ലൈംഗികാക്രമണത്തിനു ശേഷം ആറു മാസക്കാലത്തോളം ഞാന്‍ തെറാപ്പി ചികിത്സയിലായിരുന്നു. മീ ടൂവിന് പോലും വെല്ലുവിളിയുയരുന്ന കാലത്താണ് ഞാന്‍ എന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്’-ജാമി പറഞ്ഞു. ലാഹോറില്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക ചൂഷണത്തിനിരയായെന്ന് ആരോപിച്ച് അധ്യാപിക ആത്മഹത്യ ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ വിദ്യാര്‍ത്ഥി നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് സംവിധായകന്‍ മീ ടൂവുമായി രംഗത്തുവന്നിരിക്കുന്നത്.
എല്ലായ്പ്പോളും കുറ്റവാളികള്‍ നിരപരാധികളായിരിക്കില്ല. ലാഹോറിലേത് അപൂര്‍വമായ സംഭവങ്ങളാണ്. 99.99 ശതമാനം ആളുകളും തങ്ങള്‍ നേരിട്ട ലൈംഗികാക്രമണങ്ങള്‍ സത്യമായാണ് തുറന്നു പറയുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.