| Sunday, 17th February 2019, 11:18 pm

പുല്‍വാമ ഭീകരാക്രമണം: മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനി താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്‌റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നടപടിക്ക് പിന്നില്‍. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചിത്രം നീക്കം ചെയ്തത്. എന്നാല്‍ പാക്കിസ്ഥാനി താരങ്ങളുടെ ചിത്രം നീക്കം ചെയ്തത് രാജ്യാന്തരതലത്തില്‍ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ചണ്ഡിഗഡില്‍ പി.സി.എ. ഭാരവാഹികളുടെ യോഗത്തിലാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ അജയ് ത്യാഗി പി.ടി.ഐയോട് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് ലക്ഷ്യമെന്നും ത്യാഗി വിശദീകരിച്ചു. രാജ്യം മൊത്തം ആക്രമണത്തില്‍ കോപാകുലരാണ്.പി.സി.എയും അങ്ങനതന്നെ. ത്യാഗി കൂട്ടിച്ചേര്‍ത്തു.

ഹാള്‍ ഓഫ് ഫ്രൈം, ലോങ് റൂം, റിസപ്ഷന്‍ എന്നിവയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 15 ചിത്രങ്ങളാണ് നീക്കം ചെയ്തത്. നീക്കം ചെയ്തതില്‍ നിലവിലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ജാവേദ് മിയാന്‍ദദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടും.

ALSO READ: കണ്ടങ്കാളിയെ മറ്റൊരു വൈപ്പിനാക്കരുത്; പ്രതിഷേധവുമായി പ്രദേശവാസികള്‍

കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തില്‍ 39 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ഭീകരാക്രമണത്തിന് ശേഷം രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഇന്ത്യ ആരംഭിച്ച് കഴിഞ്ഞു. അമേരിക്കയും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

അതേസമയം ക്രിക്കറ്റിലും രാഷ്ട്രീയം ഉള്‍പ്പെടുത്തുന്നത് ശരിയായില്ലെന്നാണ് മറുവാദം. പകരം സൗഹൃദങ്ങള്‍ വളരാനുള്ള സൗകര്യങ്ങളാണ് ക്രിക്കറ്റ് ഒരുക്കേണ്ടതെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു.

We use cookies to give you the best possible experience. Learn more