ബലാത്സംഗത്തെക്കുറിച്ച് കവിത പങ്കുവച്ചു; പാകിസ്ഥാൻ ബ്ലോഗറെ മത നിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തു
World News
ബലാത്സംഗത്തെക്കുറിച്ച് കവിത പങ്കുവച്ചു; പാകിസ്ഥാൻ ബ്ലോഗറെ മത നിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2024, 6:28 pm

 

കാബൂൾ: ബലാത്സംഗത്തെക്കുറിച്ച് കവിത പങ്കുവെച്ച പാകിസ്ഥാൻ ബ്ലോഗറെ മത നിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പാക് അധീന കശ്മീരിൽ നിന്നുള്ള അസ്മ ബട്ടൂൽ എന്ന ബ്ലോഗറാണ് അറസ്റ്റിലായത്. കൊൽക്കത്ത ബലാത്സംഗത്തിന് പിന്നാലെ അസ്മ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് സൽമാൻ ഹൈദറിൻ്റെ ഒരു കവിത പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഞാൻ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ എല്ലാ ദൈവങ്ങളും അവിടെ ഉണ്ടായിരുന്നു എന്നായിരുന്നു കവിത ശകലത്തിന്റെ ഉള്ളടക്കം. നിങ്ങളുടെ രാജ്യവും എൻ്റേതും തുല്യമാണ് എന്ന അടിക്കുറുപ്പോടെയാണ് അസ്മ കവിത പങ്കുവെച്ചത്. തുടർന്ന് അള്ളാഹുവിനെ അപമാനിച്ചെന്നാരോപിച്ച് മതപുരോഹിതന്മാർ അസ്മക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൂഞ്ചിലെ അഹ്‌ലുസ് സുന്നത്ത് വൽ ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് മൗലാന താഹിർ ബഷീർ ആഗസ്റ്റ് 25 ന് അവർക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അസ്മയെ അറസ്റ്റ് ചെയ്തു. തങ്ങളുടെ വിശ്വാസത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു വലിയ ജനക്കൂട്ടം അസ്മയുടെ വീട് ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അസ്മയുടെ കുടുംബം ഇപ്പോൾ ലോക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരു കൂട്ടം ജനങ്ങൾ അസ്മയുടെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സാമൂഹ്യ പ്രവർത്തകർ അസ്മയുടെ മോചനം ആവശ്യപ്പെട്ട് മുന്നോട്ടെത്തിയിട്ടുണ്ട്.

‘അസ്മ ബട്ടൂൽ, തൻ്റെ സോഷ്യൽ മീഡിയയിൽ ഒരു കവിത പങ്കുവെച്ചതിന് ദൈവനിന്ദ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. അംഗീകരിക്കുകയോ വിയോജിക്കുകയോ ചെയ്യുക, പക്ഷെ ഇതാണ് പാകിസ്ഥാൻ,’ പത്രപ്രവർത്തകൻ സബഹത്ത് സക്കറിയ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

മനുഷ്യാവകാശ പ്രവർത്തകനായ ഗുലാലായ് ഇസ്മയിലും അസ്മയുടെ അറസ്റ്റിനെ അപലപിച്ച് മുന്നോട്ടെത്തിയിട്ടുണ്ട്. മതനിന്ദ നിയമം പുതിയ രാജ്യദ്രോഹ നിയമമാണെന്നും വിയോജിപ്പുകളെ എതിർക്കാനായി സിവിൽ-സൈനിക സ്ഥാപനം ഉപയോഗിക്കുന്ന ഒരു ഉപകരണം ആണിതെന്നും അദ്ദേഹം വിമർശിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നിരോധിക്കുകയും കഠിനമായ ശിക്ഷാവിധി നൽകുകയും ചെയ്യുന്ന പാകിസ്ഥാന്റെ മതനിന്ദ നിയമങ്ങൾ കാര്യമായ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. 1947 മുതൽ, ഗവർണർ സൽമാൻ തസീർ, മന്ത്രി ഷഹബാസ് ഭാട്ടി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ, മതനിന്ദ ആരോപണങ്ങളുടെ പേരിൽ 89 പേരെങ്കിലും നിയമവിരുദ്ധമായി കൊല്ലപ്പെട്ടിട്ടുണ്ട് .

2021ൻ്റെ തുടക്കത്തിൽ ഏകദേശം 80 പേരെ മതനിന്ദ കുറ്റം ചുമത്തി തടവിലാക്കിയിട്ടുണ്ട്. അവരിൽ പലരും ജീവപര്യന്തമോ വധശിക്ഷയോ അനുഭവിക്കേണ്ടതായി വരും.

 

Content Highlight: Pakistani blogger shares poem on abuses. Gets arrested for insulting Allah