ഞങ്ങളോടുള്ള കരുതല്‍ ബോളിവുഡ് കാണിക്കേണ്ട സമയമാണിത്; ദയയോടെയുള്ള വാക്കുകള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്: പാകിസ്ഥാനി നടി മെഹ്വിഷ് ഹയാത്ത്
World News
ഞങ്ങളോടുള്ള കരുതല്‍ ബോളിവുഡ് കാണിക്കേണ്ട സമയമാണിത്; ദയയോടെയുള്ള വാക്കുകള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്: പാകിസ്ഥാനി നടി മെഹ്വിഷ് ഹയാത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 3:03 pm

ലാഹോര്‍: പാകിസ്ഥാനില്‍ തുടരുന്ന പ്രളയത്തിലും മരണങ്ങളിലും മറ്റ് നാശനഷ്ടങ്ങളിലും ബോളിവുഡ് സിനിമാ ലോകവും താരങ്ങളും പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനവുമായി പാകിസ്ഥാനി നടി മെഹ്വിഷ് ഹയാത്ത് (Mehwish Hayat).

ട്വിറ്ററിലൂടെയായിരുന്നു മെഹ്വിഷ് ഹയാത്തിന്റെ പ്രതികരണം.

”ബോളിവുഡ് കാണിക്കുന്ന ഈ മൗനം നിരാശാജനകമാണ്. സഹനത്തിനും കഷ്ടപ്പാടിനും ദേശീയതയെന്നോ വംശമെന്നോ മതമെന്നോ ഉള്ള വ്യത്യാസമില്ല.

രാജ്യം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്ന് ചിന്തിക്കാനും പാകിസ്ഥാനിലെ ആരാധകരോടുള്ള തങ്ങളുടെ സ്‌നേഹവും കരുതലും പ്രകടമാക്കാനും കഴിയുമെന്ന് അവര്‍ക്ക് (ബോളിവുഡ് ഇന്‍ഡസ്ട്രി) ഞങ്ങളെ കാണിക്കാന്‍ ഇതിലും നല്ല സമയമില്ല.

ഞങ്ങള്‍ വേദനയിലാണ് കഴിയുന്നത്. ദയയോടെയുള്ള ഒന്നോ രണ്ടോ വാക്കുകള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്,” മെഹ്വിഷ് ഹയാത്ത് ട്വിറ്ററില്‍ കുറിച്ചു.

ഇതേ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹാരൂന്‍ റാഷിദ് (Haroon Rashid) പങ്കുവെച്ച ട്വീറ്റിന് മറുപടി പറയുകയായിരുന്നു മെഹ്വിഷ് ഹയാത്ത്.

”മനുഷ്യരാശിക്ക് അതിരുകളൊന്നും ഇല്ലെന്നായിരുന്നു ഞാന്‍ യഥാര്‍ത്ഥത്തില്‍ കരുതിയിരുന്നത്. പക്ഷേ ഇതിന് വിപരീതമായി, ഒരു ബോളിവുഡ് താരങ്ങളും പാകിസ്ഥാനില്‍ നാശം വിതക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടില്ല എന്നാണ് കാണാനാവുന്നത്.

പാകിസ്ഥാനിലെ സാഹചര്യങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക, വാര്‍ത്തകള്‍ പങ്കിടുക, സഹതാപം കാണിക്കുക. അവര്‍ (ബോളിവുഡ് താരങ്ങള്‍) എത്രത്തോളം ജനപ്രിയരാണെന്നും ആ അംഗീകാരം എത്രമാത്രം ഇക്കാര്യങ്ങളെ സഹായിക്കുമെന്നും അവര്‍ക്ക് കൃത്യമായറിയാം,” എന്നായിരുന്നു ഹാരൂന്‍ റാഷിദ് ട്വീറ്റ് ചെയ്തത്.

ഇതിന് മറുപടി പറയുകയായിരുന്നു മെഹ്വിഷ് ഹയാത്ത്.

അതേസമയം പാകിസ്ഥാനില്‍ പ്രളയത്തില്‍ മരണസംഖ്യ 1300 കടന്നു. പ്രളയം രാജ്യത്ത് വലിയ ഭക്ഷ്യക്ഷാമത്തിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും വഴിവെക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പ്രളയം ശക്തി പ്രാപിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതോടെ നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കോടിയിലധികം പേരെ പ്രളയം നേരിട്ട് ബാധിക്കുകയും മരണം ആയിരം കടക്കുകയും ചെയ്തതോടെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രളയം നേരിടാന്‍ സുഹൃദ് രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Content Highlight: Pakistani actress Mehwish Hayat criticizes Bollywood for not responding on Pakistan floods