| Wednesday, 20th July 2022, 4:46 pm

ലങ്കയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച വിജയം; ഇനി ഇന്ത്യ വിയര്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക-പാകിസ്ഥാന്‍ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് മികച്ച വിജയം. 342 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റിനായിരുന്നു കളി ജയിച്ചത്. അവസാന ദിനം രണ്ടാം സെഷനില്‍ തന്നെ പാക് പട വിജയിച്ചിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 58.33 പോയിന്റ് ശതമാനമായി പാകിസ്ഥാന്‍ ടീമിന്.

മൂന്നാം ദിനം അവസാനിക്കുന്നത് വരെ ലങ്ക വിജയിക്കും എന്ന് കരുതിയ മത്സരം മികച്ച ബാറ്റിങ് പോരാട്ടത്തിലൂടെ പാകിസ്ഥാന്‍ കൈക്കലാക്കി. രണ്ടാം ഇന്നിങ്‌സില്‍ 342 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റിന് വിജയിക്കുകയായിരുന്നു. പുറത്താകാതെ 160 റണ്‍സ് നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീഖാണ് പാകിസ്ഥാന്റെ വിജയശില്‍പി.

ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന്റെ നേരിയ ലീഡുമായിട്ടായിരുന്നു ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ 337 റണ്‍സാണ് ലങ്കന്‍പട സ്വന്തമാക്കിയത്. 94 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് ചണ്ഡിമലാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.’

എന്നാല്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഷഫീഖിന്റെ ബാറ്റിങ് മികവില്‍ പാക് ജയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം 55 റണ്‍സ് നേടിയിരുന്നു.

പാകിസ്ഥാന്‍ മത്സരം വിജയിച്ചതോടെ പണികിട്ടിയിട്ടിരിക്കുന്നത് ഇന്ത്യക്കാണ് . ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ സാധ്യത കുറഞ്ഞുവരികയാണ്. നിലവില്‍ 52.08 പോയിന്റ് ശതമാനത്തോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 12 മത്സരം കളിച്ച ഇന്ത്യ ആറ് വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ട് സമനിലയും നാല് തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. 75 പോയിന്റ് ഇന്ത്യക്കുണ്ടെങ്കിലും മത്സരം നാല് തോല്‍വിയുള്ളതിനാല്‍ പോയിന്റ് ശതമാനം കുറയുകയായിരുന്നു.

പക്ഷെ പോയിന്റ് ശതമാനമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കേറാനുള്ള മാനദണ്ഡം.

മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാന് 58.33 ശതമാനം പോയിന്റാണുള്ളത്. എട്ട് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് വീതം സമനിലയും തോല്‍വിയുമാണ് പാകിസ്ഥാന്റെ പേരിലുള്ളത്.

71.43 ശതമാനം പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഏഴ് മത്സരം കളിച്ച് ഒരു തോല്‍വി പോലുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക മുന്നേറുന്നത്. 60 പോയിന്റുകള്‍ മാത്രമേ ദക്ഷിണാഫ്രിക്ക നേടിയിട്ടുള്ളുവെങ്കിലും തോല്‍വിയേറ്റു വാങ്ങാത്തത് ദക്ഷിണാഫ്രിക്കക്ക് അനുകൂലമായി.

70 ശതമാനം പോയിന്റുമായി തൊട്ടുപുറകില്‍ തന്നെ ഓസ്‌ട്രേലിയയുണ്ട്. 10 മത്സരം കളിച്ച ഓസീസ് ആറ് ജയം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ഒരു മത്സരത്തില്‍ ഓസീസ് തോറ്റു.

ഇനി വരുന്ന ടെസ്റ്റ് പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ നിലവില്‍ ഓസീസിന് ശേഷം ഏറ്റവും കൂടുതല്‍ പോയിന്റുള്ള ഇന്ത്യക്ക് തിരിച്ചുവരാം. മത്സരം വിജയിക്കുന്നതോടൊപ്പം മറ്റുള്ള ടീമുകളുടെ മത്സരഫലം കൂടെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ ഭാവി.

Content Highlights; Pakistan won the game Vs Srilanka and it is setback for India in world test championship

We use cookies to give you the best possible experience. Learn more