വെടിക്കെട്ട് തിരിച്ചുവരവുമായി പാകിസ്ഥാന്‍; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി
Sports News
വെടിക്കെട്ട് തിരിച്ചുവരവുമായി പാകിസ്ഥാന്‍; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th October 2024, 1:28 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. അവസാന ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ 2-1 ന് പരമ്പര സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചിരിക്കുകയാണ്.

അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് റാവല്‍പിണ്ടിയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 267 റണ്‍സിന് ആതിഥേയര്‍ ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷം 344 റണ്‍സ് നേടി പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ത്രീ ലയണ്‍സിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പാകിസ്ഥാന്‍ ബൗളര്‍മാര്‍ മുന്നോട്ട് കുതിച്ചത്. സ്പിന്‍ ആക്രമണത്തില്‍ 112 റണ്‍സിനാണ്‌ ലയണ്‍സിനെ മെന്‍ ഇന്‍ ഗ്രീന്‍ ഓള്‍ ഔട്ട് ആക്കിയത്. തുടര്‍ ബാറ്റിങ്ങില്‍ 36 റണ്‍സ് വിജയലക്ഷ്യത്തിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ക്രിക്കറ്റില്‍ വമ്പന്‍ തിരിച്ചു വരവാണ് പാകിസ്ഥാന്‍ നടത്തിയത്. തുടരെത്തുടരെ വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പാകിസ്ഥാന്, ടീമില്‍ നടത്തിയ മാറ്റങ്ങള്‍ രക്ഷയാവുകയാണ്. ഷാന്‍ മസൂദിന്റെ ക്യാപ്റ്റന്‍സില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഒരു ഹോം ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ വിജയിക്കുന്നത്.

പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായകമായ സ്പിന്നര്‍മാരായ നൊമാന്‍ അലിയും സാജിദ് ഖാനുമാണ്. അലി രണ്ട് മെയ്ഡന്‍ അടക്കം 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ടീമിനുവേണ്ടി സ്വന്തമാക്കിയത്. സാജിദ് രണ്ട് മെയ്ഡന്‍ അടക്കം 69 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളും നേടി.

ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ട് 33 റണ്‍സും ഹാരി ബ്രൂക്ക് 26 റണ്‍സും നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി, മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ശേഷം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 23 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. സയിം അയ്യൂബിനെ തുടക്കത്തില്‍ ടീമിന് നഷ്ടപ്പെട്ടപ്പോള്‍ ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് അഞ്ച് റണ്‍സിന് പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്‌സിലും പാകിസ്ഥാന് തുണയായത് സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് സാജിദ് ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ നൊമാന്‍ മൂന്ന് വിക്കറ്റും സാഹിദ് ഒരു വിക്കറ്റ് നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജാമി സ്മിത് 89 റണ്‍സും ബെന്‍ ഡക്കറ്റ് 52 റണ്‍സും നേടി.

തുടര്‍ ബാറ്റിങ്ങില്‍ പാകിസ്ഥാന് തുണയായത് സൗദ് ഷക്കീലിന്റെ ഇടിവെട്ട് പ്രകടനമാണ്. 134 റണ്‍സാണ് താരം അടിച്ചെടുത്തത്. അവസാന ഘട്ടത്തില്‍ സാജിദ് ഖാന്‍ 48 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍. നൊമാന്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 344 റണ്‍സിലേക്ക് കുതിക്കുകയായിരുന്നു പാക് പട.

തകര്‍ച്ചയില്‍ നിന്നും പാകിസ്ഥാനെ കൈപിടിച്ചുയര്‍ത്തിയത് സാജിദ് ഖാന്‍, നൊമാന്‍ അലി എന്നിവരുടെ നിര്‍ണായ പ്രകടനമാണ്.

 

Content Highlight: Pakistan Won Test Series Against  England