| Sunday, 10th November 2024, 3:21 pm

കങ്കാരുക്കളുടെ തലയില്‍ ആണിയടിച്ച് മെന്‍ ഇന്‍ ഗ്രീന്‍; സ്വന്തമാക്കിയത് 22 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തകര്‍പ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി 8 വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 31.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് മെന്‍ ഇന്‍ ഗ്രീന്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 26.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല 2-1ന് പാകിസ്ഥാന്‍ പരമ്പര നേടാനും സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ ഒരു ഏകദിന സീരീസ് സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2002ല്‍ പാകിസ്ഥാന്‍ 2-1ന് കങ്കാരുക്കളെ വീഴ്ത്തിയിരുന്നു. ഇപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വമ്പന്‍ വിജയമാണ് മെന്‍ ഇന്‍ഗ്രീന്‍ സ്വന്തമാക്കിയത്.

അടുത്തകാലത്തായി ക്രിക്കറ്റില്‍ മോശം പ്രകടനം കാഴ്ച്ച വെച്ച പാകിസ്ഥാനെ ലോകം മുഴുവന്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തേക്കൊരു മാസ് തിരിച്ചുവരവാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നടത്തിയത്.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സയിം അയൂബാണ്. 52 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് നേടിയാണ് താരം പുറത്തായത്. അബ്ദുള്ള ഷഫീഖ് 37 റണ്‍സും നേടി മടങ്ങി. ഓസീസിന്റെ ലാന്‍സ് മോറിസിനാണ് രണ്ടുപേരുടെ വിക്കറ്റും നേടാന്‍ സാധിച്ചത്.

തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 30 പന്തില്‍ 28 റണ്‍സും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 27 പന്തില്‍ 30 റണ്‍സും നേടി ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

ഓസീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് സീന്‍ എബ്ബോട്ട് ആണ്. 30 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ മാറ്റ് ഷോട്ട് 22 റണ്‍സും നേടിയിരുന്നു. പാകിസ്ഥാന്റെ ഇടിവെട്ട് ബൗളിങ്ങിലാണ് ഓസീസ് ഭീമന്മാര്‍ തകര്‍ന്നത്. ഷഹീന്‍ അഫ്രീദി ഒരു മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റും നസീം ഷാ മൂന്ന് വിക്കറ്റും ഹാരിസ് റൗഫ് രണ്ട് വിക്കറ്റും നേടി. മുഹമ്മദ് ഹസ്‌നൈന്‍ ഒരു വിക്കറ്റും നേടിയിരുന്നു.

Content highlight: Pakistan Won ODI Series Against Australia And Achieve Great Record Achievement

We use cookies to give you the best possible experience. Learn more