ന്യൂദൽഹി: പാകിസ്ഥാൻ പൗരയ്ക്ക് ഇന്ത്യ വിട്ടുപോകാൻ രണ്ടാഴ്ച സമയം അനുവദിച്ച് ദൽഹി ഹൈക്കോടതി. ഫെബ്രുവരി 22നു രാജ്യം വിടണം എന്ന് കാണിച്ച് കേന്ദ്ര സർക്കാർ നൽകിയ നോട്ടീസിനെതിരെ യുവതി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2005 കാലഘട്ടത്തിൽ ഇന്ത്യന്‍ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചാണ് മുപ്പത്തേഴുകാരിയായ പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തുന്നത്.
ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം ദൽഹിയിലാണ് ഇവർ താമസിച്ചിരുന്നത്. യുവതിക്ക് എതിരെ സുരക്ഷാ ഏജന്‍സികൾ റിപ്പോര്‍ട്ട് നൽകിയിട്ടുണ്ടെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറലായ മനീന്ദര്‍ ആചാര്യ കോടതിയെ അറിയിച്ചിരുന്നു. സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുവതിക്ക് നോട്ടീസ് നല്‍കിയത്.
പാകിസ്ഥാൻ പൗരയായ യുവതിക്ക് രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ഏഴാം തീയതിയാണ് സർക്കാരിന്റെ നടപടിക്കെതിരെ യുവതിയും ഭർത്താവും കോടതിയെ സമീപിക്കുന്നത്. മാസാവസാനം വരെ യുവതിക്ക് എതിരെ ഒരു നടപടിയും എടുക്കാൻ പാടില്ലെന്ന് സർക്കാരിനോട് കോടതി പറഞ്ഞിരുന്നു. തനിക് 2020 വരെ വിസ കാലാവധി ഉണ്ടെന്നാണ് യുവതി കോടതിയിൽ വാദിച്ചത്.