| Saturday, 4th November 2023, 9:56 pm

മഴ വില്ലനായി, ഒടുക്കം ഡക്ക് വര്‍ത്ത് ലൂയീസ്; 400 റണ്‍സ് ഉണ്ടായിട്ടും കിവീസ് മുട്ട് കുത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ പോരാട്ടത്തില്‍ മഴ വില്ലനായപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം 21 റണ്‍സിന് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കി. 400 റണ്‍സ് പിന്നിട്ടിട്ടും മത്സരം തോല്‍ക്കുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് മാറുകയാണ്.

ഇരുവര്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ്ന്യൂസിലന്‍ഡ് നടത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന്റെ നിലയില്‍ എത്തിയപ്പോള്‍ മഴ കളി മുടക്കുകയായിരുന്നു.

തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം പാകിസ്ഥാന്‍ 21 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
എറിഞ്ഞ ഓവറുകളുടെ എണ്ണം, നഷ്ടപ്പെട്ട വിക്കറ്റുകള്‍, ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ സ്‌കോറ് നിരക്ക് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിജയിയെ തീരുമാനിക്കുന്നത്.

പാകിസ്ഥാന് വേണ്ടി ഫഖര്‍ സമന്‍ 81 പന്തില്‍ 126* റണ്‍സും ക്യാപ്റ്റന്‍ ബാബര്‍ അസം 63 പന്തില്‍ 66* റണ്‍സുമെടുത്ത് മികച്ച പ്രകടനമാണ് കാഴചവെച്ചത്. ഫഖറിന്റെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. അബ്ദുള്ള ഷഫീഖ് 4 (9) റണ്‍സിന് തുടക്കത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ടിം സൗത്തിക്കായിരുന്നു വിക്കറ്റ്.

94 പന്തില്‍ 108 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും 79 പന്തില്‍ 95 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണുമാണ് ന്യൂസിലന്‍ഡിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. രവീന്ദ്രയുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. പരിക്കിനെ തുടര്‍ന്ന് പുറത്ത് നിന്ന വില്യംസണ്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാകിസ്ഥാനോടുള്ള ഇലവനില്‍ ഇടം നേടിയത്.

180 റണ്‍സിന്റെ മികച്ച പാര്‍ട്ണര്‍ഷിപ്പായിരുന്നു രവീന്ദ്രയും വില്യംസണും പടുത്തുയര്‍ത്തിയത്. പാകിസ്ഥാനെതിരെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഏകദിന ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ന്യൂസിലാന്‍ഡ് താരമായി വില്യംസണ്‍ മാറിക്കഴിഞ്ഞു.

മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ റെക്കോഡാണ് വില്യംസണ്‍ തകര്‍ത്തത്. ഫ്ളെമിങ് 33 മത്സരത്തില്‍ നിന്നും 1075 റണ്‍സ് എടുത്തപ്പോള്‍ വില്യംസണ്‍ 24 മത്സരങ്ങളില്‍ നിന്ന് 1084 റണ്‍സ് നേടിയാണ് പുതിയ ചരിത്രം എഴുതിയത്. 1002 റണ്‍സുമായി റോസ് ടൈലറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

പാകിസ്ഥാനെതിരെ ഗ്ലെന്‍ ഫിലിപ്സ് 41 (25) റണ്‍സും മാര്‍ക്ക് ചാപ്മാന്‍ 39 (27) റണ്‍സും ഡെവോണ്‍ കോണ്‍വെയ് 35 (39) റണ്‍സും എടുത്ത് സ്‌കോര്‍ ഉയര്‍ത്തി. പാകിസ്ഥാന് വേണ്ടി ഇഫ്തിഖര്‍ അഹമ്മദാണ് കിവീസ് നായകനെ പുറത്താക്കിയത്. മുഹമ്മദ് വസീം ജൂനിയര്‍ രവീന്ദ്രയെയും പുറത്താക്കി. വസീം മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്.

വിജയത്തില് ശേഷം പാകിസ്ഥാന്‍ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് പാകിസ്ഥാന്‍. വരും മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയേയും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനേയുമാണ് നേരിടേണ്ടത്.

Content Highlight:  Pakistan Wins By Duckworth Lewis Stern Method

We use cookies to give you the best possible experience. Learn more