ഇസ്‌ലാമാബാദ്: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്കു തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പാക്കിസ്ഥാനി വാര്‍ത്താ സംരംഭമായ ജിയോ ന്യൂസാണ് ഷാ മഹമ്മൂദിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
“പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കുകയും അതില്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കുകയും ചെയ്യും. പ്രശ്‌നങ്ങള്‍ അവസാനിക്കുമെങ്കില്‍ പിടികൂടിയ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഈ വിഷയം ടെലിഫോണില്‍ സംസാരിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്നും മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.