| Monday, 2nd September 2019, 10:10 pm

'ഞങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ല'; പാക് മന്ത്രിയുടെ മുന്നറിയിപ്പിനുശേഷം വിശദീകരണവുമായി ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകുമെന്നും അതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പാക് റെയില്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ഉന്നംവെയ്ക്കുന്ന പ്രദേശങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആറ്റം ബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.

അതേസമയം ആദ്യം പ്രയോഗിക്കില്ല എന്ന ആണവ നയത്തില്‍ മാറ്റം വന്നേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരത്തേ പറഞ്ഞിരുന്നു.

കശ്മീര്‍ വിഷയത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ കൂടുതല്‍ ഭിന്നതയുണ്ടായത്. ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കിക്കൊണ്ടായിരുന്നു പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയത്തോട് ആദ്യം പ്രതികരിച്ചത്.

അതിനു പിന്നാലെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അവര്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയെ സമീപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും അടച്ചുപൂട്ടുന്ന കാര്യം പാക് പ്രധാനമന്ത്രിയുടെ പരിഗണനയിലുണ്ടെന്നും ഒരു പാക് മന്ത്രി നേരത്തേ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാക്കിസ്ഥാന്‍ തുറന്നിരുന്നത്.

We use cookies to give you the best possible experience. Learn more