ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ല: ഇമ്രാന്‍ ഖാന്‍
World News
ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ല: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th August 2020, 3:57 pm

ഇസ്ലാമാബാദ്: ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇസ്രഈലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നതില്‍ ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്നല്ല, ഈ വിഷയത്തില്‍ പാകിസ്താന്റെ ഭാഗം വളരെ വ്യക്തമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍,  ഫലസ്തീനികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാത്തിടത്തോളം, ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രാഈലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948 ല്‍ തന്നെ മുഹമ്മദ് അലി ജിന്ന വ്യക്തമാക്കിയ കാര്യമാണെന്നും പറഞ്ഞു.

ഇസ്രഈലുമായി യു.എ.ഇ സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നാലെയാണ് പാകിസ്താന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ യു.എ.ഇ. തീരുമാനിച്ചത്.

ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവരസാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നാണ് വിവരങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

CONTENT HIGHLIGHTS: Pakistan will not recognise Israel:Imran Khan