| Thursday, 22nd October 2015, 10:20 am

ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയായി പാകിസ്ഥാന്‍ മാറുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: 2025ഓടെ ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയായി പാകിസ്ഥാന്‍ മാറിയേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 110 മുതല്‍ 130 വരെ ആണവായുധങ്ങളാണ് പാകിസ്ഥാന്റെ പക്കലുള്ളത്. പത്ത് വര്‍ഷം കൂടി കഴിയുമ്പോള്‍ ആണവായുധങ്ങളുടെ എണ്ണം 250 വരെയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. “ന്യൂക്ലിയര്‍ നോട്ട്ബുക്ക്” എന്ന അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് പാകിസ്ഥാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ നേരിടുന്നതിനായി ഷോര്‍ട്ട്-റേഞ്ച് ന്യൂക്ലിയര്‍ മിസൈലുകളും പാകിസ്ഥാന്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് പുറമെ പുതിയ ക്രൂയിസ് മിസൈലുകളും പാകിസ്ഥാന്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.  അതേ സമയം ആണവ വിഷയത്തില്‍  ഇന്ത്യ പാകിസ്ഥാനെക്കാള്‍ കൂടുതല്‍ ചൈനയെയാണ് കാര്യമാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് യു.എസില്‍ എത്താനിരിക്കെയാണ് പാകിസ്ഥാന്റെ ആണവ ശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. യുദ്ധരംഗത്ത് തങ്ങള്‍ കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് പാക് വിദേശകാര്യ സെക്രട്ടറി എയ്‌സാസ് ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more