മറ്റുള്ളവര്‍ പറയുന്നതുപോലെയൊന്നുമല്ല, അദ്ദേഹം ഞങ്ങളുടെ വിരാട് കോഹ്‌ലിയാണ്, ഞങ്ങള്‍ ഒരു കുടുംബമാണ്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. മറ്റുള്ളവര്‍ പറയുന്നത് പോലെ അദ്ദേഹം അഗ്രസ്സീവല്ലെന്നും സ്‌നേഹമുള്ള മനുഷ്യനാണെന്നും റിസ്വാന്‍ പറയുന്നു.
വാഹിദ് ഖാന്റെ ക്രിക് ബാസ് എന്ന യൂട്യൂബ് ചാനലിലായിരുന്നു റിസ്വാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലായിരുന്നു താന്‍ വിരാടിനെ ആദ്യമായി കണ്ടതെന്നാണ് റിസ്വാന്‍ പറയുന്നത്.
‘ഞാന്‍ ആദ്യമായിട്ടായിരുന്നു വിരാട് കോഹ്‌ലിയെ കാണുന്നത്. ഞാന്‍ കേട്ടറിഞ്ഞതുപോലെയോ മറ്റ് താരങ്ങള്‍ പറഞ്ഞതുപോലെ ദേഷ്യക്കാരനോ അഗ്രസ്സീവോ ഒന്നും ആയിരുന്നില്ല അദ്ദേഹം.
മത്സരത്തിന് മുമ്പും അതിന് ശേഷവും അദ്ദേഹം എന്നോട് പെരുമാറിയതും എന്റെ അടുത്ത് വന്ന് സംസാരിച്ചതും എല്ലാം തന്നെ മികച്ച ഒരു അനുഭവമായിരുന്നു.
ഞാന്‍ വിരാടിനെ ‘ഞങ്ങളുടെ വിരാട് കോഹ്‌ലി’ എന്ന് വിളിക്കുന്നത് ഞങ്ങള്‍ ഒരു കുടുംബം ആണെന്ന തോന്നലാണ്. ശരിക്കും ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ ആരും തന്നെ താരങ്ങളല്ല,’ റിസ്വാന്‍ പറഞ്ഞു.
കോഹ്‌ലിക്ക് പുറമെ ധോണിയെ കണ്ടതും സംസാരിച്ചതിനെ കുറിച്ചും താരം പറയുന്നു.
‘ഞങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള വലിയ ബന്ധങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് കോഹ്‌ലിയേയും ധോണിയേയും കണ്ടപ്പോള്‍ ഏറെ സ്‌നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് സംസാരിച്ചത്,’ റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം വരാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റമുട്ടാനൊരുങ്ങുന്നത്. ടി-20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.
ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ആരാധകര്‍ ഏഷ്യാ കപ്പിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റതിന്റെ ക്ഷീണം നികത്താനാവും രണ്ട് ടൂര്‍ണമെന്റിലും ഇന്ത്യ ശ്രമിക്കുന്നത്.
Content highlight: Pakistan Wicket Keeper Batter Mohammed Riswan about Virat Kohli