പെഷവാര്‍ സ്‌കൂള്‍ ആക്രമണം: പാകിസ്ഥാന് ആഗസ്റ്റില്‍ മുന്നറിയിപ്പു ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
Daily News
പെഷവാര്‍ സ്‌കൂള്‍ ആക്രമണം: പാകിസ്ഥാന് ആഗസ്റ്റില്‍ മുന്നറിയിപ്പു ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd December 2014, 9:36 am

peshawar attackപെഷവാര്‍: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖവാ പ്രവിശ്യയിലെ സര്‍ക്കാറിന് പെഷവാര്‍ ആക്രമണം സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പു ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 16നു സൈനിക സ്‌കൂളില്‍ നടന്ന തീവ്രവാദി ആക്രമണം സംബന്ധിച്ച് സര്‍ക്കാറിന് ആഗസ്റ്റിലേ മുന്നറിയിപ്പു ലഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജിയോ ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

താലിബാന്‍ നേതാവ് ഖക്‌സറും തീവ്രവാദികളായ ബിലാല്‍, ഒബൈദുളളയും സൈന്യത്തിനു കീഴിലുള്ള സ്‌കൂളുകളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നെന്ന് ഖൈബര്‍ പഖ്തുന്‍ഖവാ ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യം എഴുതി ആഗസ്റ്റ് 28 പുറപ്പെടുവിച്ച 802ാം നമ്പറിലുള്ള രേഖയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബിലാലും, ഒബൈദുള്ളയും മറ്റു തീവ്രവാദികള്‍ക്കൊപ്പം ആക്രമണത്തിനു ലക്ഷ്യമിട്ട സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തീവ്രവാദികള്‍ പ്രതികാര നടപടിയായാണ് ഇതിനെ കാണുന്നത്. സൈനികരുടെ കുട്ടികളെ കഴിയുന്നത്ര കൊന്നൊടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കാന്‍ മുന്നറിയിപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഈ മുന്നറിയിപ്പിന്റെ കോപ്പികള്‍ ഖൈബര്‍ പഖ്തുന്‍ഖവാ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്‌കൂളില്‍ തീവ്രവാദികള്‍ 140 കുട്ടികളെ കൊന്നൊടുക്കിയിരുന്നു. തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദികളായിരുന്നു ആക്രമണത്തിനു പിന്നില്‍.