| Tuesday, 26th November 2024, 9:16 am

ഐ.പി.എല്‍ ലേലത്തിനിടെ വിട്ടുപോയ കൊല തൂക്ക്; പാകിസ്ഥാനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കാന്‍ സിംബാബ്‌വേ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നാണ് പാകിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ഏകദിനം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പച്ചപ്പടയെ നിഷ്പ്രഭമാക്കി ഗംഭീര വിജയം സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാം മത്സരത്തിലും അതേ ഡോമിനന്‍സ് പുറത്തെടുത്ത് പരമ്പര സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

മഴ രസംകൊല്ലിയായ ആദ്യ മത്സരത്തില്‍ 80 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സിംബാബ്‌വേ നേടിയത്. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന് ഒരിക്കല്‍പ്പോലും അപ്പര്‍ഹാന്‍ഡ് നല്‍കാതെയായിരുന്നു ആതിഥേയരുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഒമ്പതാം നമ്പറിലിറങ്ങിയ റിച്ചാര്‍ഡ് എന്‍ഗരാവയുടെയും സൂപ്പര്‍ താരം സിക്കന്ദര്‍ റാസയുടെയും ബാറ്റിങ് കരുത്തില്‍ ഷെവ്‌റോണ്‍സ് 205 റണ്‍സ് നേടി.

എന്‍ഗരാവ 52 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ 39 റണ്‍സാണ് റാസ സ്വന്തമാക്കിയത്. 41 പന്തില്‍ 29 റണ്‍സ് നേടിയ താഡിവനാഷെ മരുമാണിയും 17 പന്തില്‍ 23 റണ്‍സടിച്ച ഷോണ്‍ വില്യംസും സിംബാബ്‌വേ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

പാകിസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ 41ാം ഓവറിലെ രണ്ടാം പന്തില്‍ ഷെവ്‌റോണ്‍സ് പുറത്തായി.

പാകിസ്ഥാനായി ഫൈസല്‍ അക്രം, ആഘാ സല്‍മാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോയ്‌ലോര്‍ഡ് ഗുംബി റണ്‍ ഔട്ടായപ്പോള്‍ ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, ആമിര്‍ ജമാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മോശം കാലാവസ്ഥ മൂലം പാകിസ്ഥാന്റെ വിജയലക്ഷ്യം 141 ആയി പുനന്‍നിര്‍ണയിച്ചിരുന്നു.

തൊട്ടതെല്ലാം പിഴച്ച പാകിസ്ഥാന് മേല്‍ ഇരട്ട പ്രഹരവുമായി റാസയും ഷോണ്‍ വില്യംസും ബ്ലസിങ് മുസരബാനിയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. ഇരുവരും രണ്ട് വിക്കറ്റുമായി തിളങ്ങി.

ഒടുവില്‍ 21 ഓവറില്‍ 61 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ 80 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്യൂന്‍സ് പാര്‍ക് തന്നെയാണ് വേദി.

സിംബാബ്‌വേ സ്‌ക്വാഡ്

ക്രെയ്ഗ് ഇര്‍വിന്‍ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോയ്‌ലോര്‍ഡ് ഗുംബി, ട്രെവര്‍ ഗ്വാന്‍ഡു, ക്ലൈവ് മദാന്‍ദെ, ടിനോടെന്റ മപോസ, താഡിവനാഷെ മരുമാനി, ബ്രാന്‍ഡന്‍ മവൂറ്റ, താഷിങ്ക മുസെകിവ, ബ്ലെസിങ് മുസരബാനി, ഡിയോണ്‍ മിയേഴ്‌സ്, റിച്ചാര്‍ഡ് എന്‍ഗാരാവ, സിക്കന്ദര്‍ റാസ, ഷോണ്‍ വില്യംസ്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്ള ഷഫീഖ്, ഇര്‍ഫാന്‍ ഖാന്‍ നിയാസി, സയീം അയ്യൂബ്, തയ്യബ് താഹിര്‍, ആമിര്‍ ജമാല്‍, കമ്രാന്‍ ഗുലാം, അല്‍മാന്‍ അലി ആഘ, ഹസീബുള്ള ഖാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, അഹമ്മദ് ഡാനിയല്‍, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, ഷഹനവാസ് ദഹാനി.

Content Highlight: Pakistan vs Zimbabwe 2nd ODI

We use cookies to give you the best possible experience. Learn more