വീണ്ടും വില്ലനായി മഴ സേര്‍; ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നാലെ കരയാനൊരുങ്ങി മൂന്നാം ടീം
Sports News
വീണ്ടും വില്ലനായി മഴ സേര്‍; ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നാലെ കരയാനൊരുങ്ങി മൂന്നാം ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th July 2023, 4:39 pm

മഴയെത്തിയതോടെ രണ്ട് ക്ലാസിക് മത്സരങ്ങള്‍ ഫലമില്ലാതെ സമനിലയില്‍ കലാശിച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. ആഷസ് പരമ്പരയിലെ നാലാം മത്സരവും ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റും ഇത്തരത്തില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു.

ഇതുപോലെ മറ്റൊരു ടെസ്റ്റും മഴഭീഷണിയുടെ നിഴലിലാണ്. പാകിസ്ഥാന്‍ ലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റാണ് മഴമൂലം തടസ്സപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം ദിവസമാണ് മഴയെടുത്തത്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

പാകിസ്ഥാന്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടരവെയാണ് മഴയെത്തിയതും മത്സരം തടസപ്പെട്ടതും. 12 റണ്‍സിന്റെ ലീഡുമായി ബാറ്റിങ് തുടരവെ മഴയെത്തിയതോടെ രണ്ടാം ദിവസം പൂര്‍ത്തിയാക്കാനാകാതെ അവസാനിപ്പിക്കുകയായിരുന്നു.

സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനമല്ല ലങ്കന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്.

ധനഞ്ജയ ഡി സില്‍വയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് ലങ്കന്‍ നിരയില്‍ എടുത്ത് പറയാനുള്ളത്. 58 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറുമായി 57 റണ്‍സാണ് താരം നേടിയത്.

ഡി സില്‍വക്ക് പുറമെ 60 പന്തില്‍ നിന്നും 34 റണ്‍സ് നേടിയ ദിനേഷ് ചണ്ഡിമല്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും ചെറുത്ത് നിന്നത്. ആറ് ലങ്കന്‍ താരങ്ങള്‍ ഒറ്റയക്കത്തിന് പുറത്തായിരുന്നു. ഒടുവില്‍ ആതിഥേയര്‍ 166 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

പാകിസ്ഥാനായി അബ്രാര്‍ അലി നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ നസീം ഷാ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ദിനം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 145 റണ്‍സ് നേടിയ പാകിസ്ഥാന്‍ രണ്ടാം ദിനം വമ്പന്‍ ലീഡിലേക്ക് കടക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ രണ്ടാം ദിവസം വെറും 33 റണ്‍സ് മാത്രമാണ് പാകിസ്ഥാന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 12 റണ്‍സിന്റെ മാത്രം ലീഡാണ് പാകിസ്ഥാനൊപ്പമുള്ളത്. നിലവില്‍ 38.3 ഓവറില്‍ 178ന് രണ്ട് എന്ന നിലയിലാണ് പാകിസ്ഥാന്‍. 47 പന്തില്‍ നിന്നും 51 റണ്‍സ് നേടിയ ഷാന്‍ മസൂദിന്റെയും ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന്റെയും വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.

131 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം 87 റണ്‍സ് നേടിയ അബ്ദുള്ള ഷഫീഖും 49 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു മാക്‌സിമവുമായി 28 റണ്‍സ് നേടിയ ബാബര്‍ അസവുമാണ് ക്രീസില്‍.

 

Content Highlight: Pakistan vs Sri Lanka match interrupted due to rain