| Tuesday, 22nd August 2023, 5:32 pm

ഏഷ്യ കപ്പിന് മുമ്പ് അഫ്ഗാന്‍ ഗര്‍ജനത്തില്‍ ബാബര്‍ വീണ്ടും ചാരം; ചങ്കിടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരായ ബൈലാറ്ററല്‍ സീരീസിലെ ആദ്യ മത്സരത്തില്‍ ഞെട്ടി പാകിസ്ഥാന്‍. മഹീന്ദ രാജപക്‌സെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ തുടങ്ങിയിരിക്കുന്നത്.

ടീം സ്‌കോര്‍ പത്ത് കടക്കും മുമ്പ് തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസം അടക്കമുള്ളവരെ മടക്കിയാണ് അഫ്ഗാനിസ്ഥാന്‍ ആക്രമണം തുടങ്ങിയിരിക്കുന്നത്.

ഫഖര്‍ സമാന്റെ വിക്കറ്റാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് ഫഖര്‍ സമാന്‍ പുറത്തായത്.

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ക്രീസിലെത്തിയത്. ഏഷ്യ കപ്പും വേള്‍ഡ് കപ്പും കണ്‍മുമ്പിലിരിക്കെ പാക് ആരാധകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു ഇന്നിങ്‌സ് പുറത്തെടുക്കാനൊരുങ്ങിയ ബാബറിനെ അഫ്ഗാന്‍ ഞെട്ടിച്ചു. നേരിട്ട മൂന്നാം പന്തില്‍ ഡക്കായി പുറത്താകാനായിരുന്നു ക്യാപ്റ്റന്റെ വിധി.

ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ബാബറിന്റെ മടക്കം. മുജീബ് ഉര്‍ റഹ്‌മാന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ബാബര്‍ പുറത്തായത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാന മൂന്ന് തവണ ബാബര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ അതില്‍ രണ്ട് തവണയും പാക് നായകനെ മടക്കിയത് അഫ്ഗാന്‍ സിംഹങ്ങളായിരുന്നു.

2022 ഏഷ്യ കപ്പില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ബാബര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ബാബര്‍ മടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലായിരുന്നു ശേഷം ബാബര്‍ സംപൂജ്യനായി മടങ്ങിയത്. അര്‍ഷ്ദീപിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂവിലാണ് താരം പുറത്തായത്.

ഇപ്പോള്‍ വീണ്ടും ബാബര്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്തായിരിക്കുകയാണ്. ഏഷ്യ കപ്പും ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ താരത്തിന്റെ ഈ പ്രകടനം ആരാധകര്‍ക്കുണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. എന്നാല്‍ താരത്തിന്റെ സ്റ്റാറ്റ്‌സുകള്‍ അപാരമാണെന്നിരിക്കെ വരും മത്സരങ്ങളില്‍ ബാബര്‍ ഉറപ്പായും തകര്‍ത്തടിക്കും എന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, മത്സരത്തില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ 122 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 76 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖും അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി ഷദാബ് ഖാനുമാണ് ക്രീസില്‍ തുടരുന്നത്.

ഫഖര്‍ സമാനും ബാബറിനും പുറമെ മുഹമ്മദ് റിസ്‌വാന്‍ (22 പന്തില്‍ 21) ആഘ സല്‍മാന്‍ (29 പന്തില്‍ 7) ഇഫ്തിഖര്‍ അഹമ്മദ് (41 പന്തില്‍ 30) എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.

പാകിസ്ഥാന്‍ ഇലവന്‍

ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഒസാമ മിര്‍, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്.

അഫ്ഗാനിസ്ഥാന്‍ ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്‌മത് ഷാ, ഹസ്മതുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖില്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമറാസി, അബ്ദുള്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസലാഖ് ഫാറൂഖി.

Content highlight: Pakistan vs Afghanistan: Babar Azam out for a duck

Latest Stories

We use cookies to give you the best possible experience. Learn more