ശ്രീനഗര്‍: പാക് അധീന കാശ്മീരിലെ ജെയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് പിന്നാലെ ജമ്മുവില്‍ പാക്കിസ്ഥാന്റെ വെടിവെപ്പ്.
ജമ്മു നിയന്ത്രണരേഖയില്‍ കനാചക്കില്‍ 12 മണിയോടെയാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയത്.
പാക്കിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചെന്നും ഇന്ത്യ ശക്തമായ തിരിച്ചടി തന്നെ നല്‍കുന്നുണ്ടെന്നും സൈന്യത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യോമാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് ആര്‍മി, വ്യോമസേന ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ പ്രധാനമേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.
ഗുജറാത്തിലെ പോര്‍ബന്തറില്‍ നേവിയും കോസ്റ്റ്ഗാര്‍ഡും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കുകയും വലിയ തോതിലുള്ള സുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.