|

'പൊതുജനാരോഗ്യത്തില്‍ തുല്യത അടിസ്ഥാന തത്വമാണ്' കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാര്‍ക് രാജ്യങ്ങളുടെ കോണ്‍ഫറന്‍സില്‍  കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ്-19 പ്രതിരോധ നടപടികള്‍ക്കും നയരൂപീകരണത്തിനുമായി സാര്‍ക് അംഗരാജ്യങ്ങള്‍ നടത്തിയ വീഡിയോകോണ്‍ഫറന്‍സില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്താന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്നാണ് പാകിസ്താന്‍ ആരോഗ്യ സഹമന്ത്രി സഫര്‍ മിര്‍സ വീഡിയോ കോണ്‍ഫറന്‍സില്‍ മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘പൊതുജനാരോഗ്യത്തില്‍ തുല്യത എന്നത് അടിസ്ഥാന തത്വമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീരില്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത് പരിഗണിക്കേണ്ട വിഷയമാണ്. ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും എത്രയും പെട്ടന്ന് എടുത്തുകളയേണ്ടതാണ്,’ പാകിസ്താന്‍ ആരോഗ്യ സഹമന്ത്രി സഫര്‍ മിര്‍സ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മേഖലയില്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് വിവരങ്ങള്‍ എളുപ്പമറിയാന്‍ സഹായിക്കുമെന്നും ഒപ്പം ഇവിടെ മെഡിക്കല്‍ സപ്ലൈസ് എത്തിക്കാനും ഇദ്ദേഹം ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് പ്രധാനംമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഖാനി, മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സൊലിഹ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി, പാകിസ്താന്‍ ആരോഗ്യ സഹമന്ത്രി സഫര്‍ മിര്‍സ എന്നിവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പകരമായാണ് ആരോഗ്യ സഹമന്ത്രി കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

നരേന്ദ്രമോദിയാണ് കൊവിഡ്-19 പ്രതിരോധ നടപടികള്‍ക്കായി സാര്‍ക് അംഗരാജ്യങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. കൊറോണയെ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ ചേര്‍ന്ന് അടിയന്തരധന സഹായ ഫണ്ട് രൂപീകരിക്കണമെന്നും അതിനായി ഇന്ത്യ 10 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാണെന്നും മോദി കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തെ മറ്റ് രാജ്യ പ്രതിനിധികളും അംഗീകരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷഇണേഷ്യയിലെ കൊവിഡ്-19 വ്യാപനത്തിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി

സാര്‍സ് അംഗരാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തണമെന്നാവശ്യപ്പെട്ടത്. ട്വീറ്റിനു പിന്നാലെ ് അംഗങ്ങളായ അഫ്ഘാനിസ്താന്‍, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ അനുകൂല പ്രതികരണമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. സാര്‍ക് രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗ ബാധ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 107 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.