ഇസ്‌ലാമാബാദ്: പ്രതിരോധ മേഖലയിലെ സഹകരണം വിപുലീകരിക്കാനൊരുങ്ങി പാകിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും. പ്രതിരോധത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള തങ്ങളുടെ ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചതായി പാകിസ്ഥാനിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി നഗരത്തിലെ പാക് സൈന്യത്തിന്റെ ആസ്ഥാനമായ ജി.എച്ച്.ക്യുവില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മൂന്ന് രാജ്യങ്ങളുടെയും തീരുമാനം.
പാകിസ്ഥാന്‍ മിലിട്ടറിയുടെ മീഡിയ വിങ്ങായ ഐ.എസ്.പി.ആര്‍ പ്രകാരം ഗവേഷണവും വികസനവും ഉള്‍പ്പെടെ പ്രതിരോധ ഉപകരണ സാങ്കേതിക വിദ്യകളില്‍ പ്രതീക്ഷിക്കുന്ന സഹകരണത്തെ കുറിച്ച് പാക് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ബൗദ്ധിക, സാങ്കേതിക, സാമ്പത്തിക, മാനവ വിഭവശേഷി സംയോജിപ്പിച്ച് പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത നേടുക എന്നതാണ് ലക്ഷ്യമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മൂന്ന് രാജ്യങ്ങള്‍ക്കിടയിലും ചരിത്രപരമായ സുഹൃത് ബന്ധമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാജ്യങ്ങളുടെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതിരോധവുമായി ബന്ധപ്പെട്ട ത്രികക്ഷികളുടെ നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Content Highlight: Pakistan, Turkey and Saudi Arabia ready to increase defense cooperation