പട്ടി ചന്തക്ക് പോയ പോലെ തിരിച്ചുവരും; പാകിസ്ഥാന്‍ ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുമെന്ന് പാക് ഇതിഹാസം
Sports News
പട്ടി ചന്തക്ക് പോയ പോലെ തിരിച്ചുവരും; പാകിസ്ഥാന്‍ ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുമെന്ന് പാക് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th September 2022, 7:50 pm

കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാന്‍ അവരുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. ബാബര്‍ അസമിനെ നായകനാക്കിയും ഷദാബ് ഖാനെ വൈസ് ക്യാപ്റ്റനാക്കിയുമാണ് പാകിസ്ഥാന്‍ ലോകകപ്പിനുള്ള പടയൊരുക്കം ആരംഭിച്ചത്.

ഏഷ്യാ കപ്പിലെ ടീമില്‍ നിന്നും കാര്യമായ മാറ്റം വരുത്താതെയാണ് ടീം പ്രഖ്യാപിച്ചത്. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദി ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് സ്‌ക്വാഡിലെ ഏറ്റവും വലിയ മാറ്റം.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റ ടി-20 മത്സരം പോലും കളിക്കാത്ത ഷാന്‍ മസൂദിനെയും പാകിസ്ഥാന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാകിസ്ഥാന്റെ സര്‍പ്രൈസ് നീക്കമായാണ് വിലയിരുത്തിപ്പോരുന്നത്.

 

എന്നാല്‍ പാകിസ്ഥാന്റെ ടീം തെരഞ്ഞെടുപ്പില്‍ മുന്‍ പാക് താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍ അത്രകണ്ട് തൃപ്തനല്ല. പാകിസ്ഥാന്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മോശം സ്‌ക്വാഡാണെന്നും ലോകകപ്പില്‍ ഇവര്‍ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അക്തറിന്റെ അഭിപ്രായം.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചീഫ് സെലക്ടറായ മുഹമ്മദ് വസീമിനെതിരെ ആഞ്ഞടിച്ച അആക്തര്‍ നിലവിലെ ഹെഡ് കോച്ചായ സാഖ്‌ലിന്‍ മുഷ്താഖിനെയും നിശിതമായി വിമര്‍ശിച്ചു.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ വലച്ച മിഡില്‍ ഓര്‍ഡര്‍ ശക്തിപ്പെടുത്താന്‍ ടീമോ സെലക്ടര്‍മാരോ ഒന്നും തന്നെ ചെയ്തില്ല എന്നായിരുന്നു അക്തറിന്റെ പ്രധാന വിമര്‍ശനം.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തറിന്റെ പ്രതികരണം.

‘പാകിസ്ഥാന് മധ്യനിരയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അതേ ടീമുമായിട്ടാണ് ഇവര്‍ ഐ.സി.സി ടി-20 ലോകകപ്പ് കളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

ഞങ്ങളുടെ ചീഫ് സെലക്ടര്‍മാര്‍ക്ക് ഇടുങ്ങിയ ചിന്തയാണുള്ളത്. സാഖ്‌ലിന്‍ മുഷ്താഖിന് ടി-20 ക്രിക്കറ്റിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. മുഹമ്മദ് യൂസഫ് അവിടെയുണ്ടായിരുന്നു, എന്നാല്‍ അദ്ദേഹത്തെ വാ തുറക്കാന്‍ അനുവദിച്ചോ എന്ന കാര്യം എനിക്കറിയില്ല.

ഇഫ്തിഖര്‍ അഹമ്മദ് മിസ്ബയുടെ പാര്‍ട് ടു ആണ്. എനിക്കിത് പറയാന്‍ ആഗ്രഹമില്ല, എങ്കിലും പറഞ്ഞുപോവുകയാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവും,’ അക്തര്‍ പറയുന്നു.

 

പാകിസ്ഥാന്‍ ലോകകപ്പ് സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ ഷാ അഫ്രിദി. മസൂദ്, ഉസ്മാന്‍ ഖാദിര്‍.

കരുതല്‍ താരങ്ങള്‍
ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷഹനവാസ് ദഹാനി

 

Content Highlight: Pak Legend Shoaib Akhtar says Pakistan will make first-round exit in ICC T20 World Cup