ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനിലേക്ക്
Champions Trophy
ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th November 2021, 7:25 pm

ദുബായ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ആതിഥേയരാവാനൊരുങ്ങി പാകിസ്ഥാന്‍. 2025 ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ വെച്ച് നടത്താന്‍ ഐ.സി.സി തീരുമാനിച്ചു.

2024 മുതല്‍ 2031 വരെയുള്ള ഐ.സി.സിയുടെ വിവിധ ടൂര്‍ണമെന്റുകള്‍ക്കുള്ള വേദിയാണ് ഐ.സി.സി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

14 രാജ്യങ്ങളാണ് 2031 വരെയുള്ള ടൂര്‍ണമെന്റുകള്‍ക്ക് വേദിയാവുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, ഇന്ത്യ, ന്യൂസിലാന്റ്, പാകിസ്ഥാന്‍, സ്‌കോട്‌ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ, അമേരിക്ക, നമീബിയ എന്നീ രാജ്യങ്ങളില്‍ വെച്ചായിരിക്കും ഐ.സി.സിയുടെ ടൂര്‍ണമെന്റുകള്‍ നടക്കുക. ഇതില്‍ അമേരിക്കയും നമീബിയയും ആദ്യമായാണ് ഒരു ഐ.സി.സി ടൂര്‍ണമെന്റിന് വേദിയാവുന്നത്.

2030 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ വെച്ചാവും നടക്കുന്നത്. അതോടൊപ്പം 2023ലെ ക്രിക്കറ്റ് മാമാങ്കത്തിനും ഇന്ത്യ വേദിയാവും.

2025ലെ ചൊമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ വെച്ച് നടക്കുന്നത് ഒരേ സമയം പല ടീമുകള്‍ക്കും ആശങ്കയുണര്‍ത്തുന്നുണ്ട്.

പാകിസ്ഥാനുമായി പരമ്പര പോലും കളിക്കാത്ത ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തി ഒരു മേജര്‍ ഐ.സി.സി ടൂര്‍ണമെന്റ് കളിക്കേണ്ടി വരും എന്നതാണ് ഇതില്‍ പ്രധാനം. നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.

പാകിസ്ഥാനില്‍ തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്നതാണ് മറ്റ് ടീമുകളുടെ പ്രധാന ആശങ്ക. നേരത്തെ ന്യൂസിലാന്റ് ടീം പാകിസ്ഥാനുമായുള്ള മത്സരത്തിന് തൊട്ടു പിന്നാലെ പരമ്പരയില്‍ നിന്നും പിന്‍മാറിയതും സുരക്ഷാ കാരണങ്ങള്‍ കൊണ്ടായിരുന്നു.

2008ല്‍ പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ ബോംബ് ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് മറ്റ് ടീമുകള്‍ പാകിസ്ഥാനില്‍ ചെന്ന് പരമ്പര കളിക്കുന്നതില്‍ വിമുഖത കാണിച്ചു തുടങ്ങിയത്. പാകിസ്ഥാനുമായുള്ള ഈ ടീമുകളുടെ മത്സരങ്ങള്‍ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍ വെച്ചാണ് നടന്നു വരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്ഥാന്‍ വേദിയാവുന്നത്.

2024 മുതല്‍ 2031 വരെയുള്ള ഗ്ലോബല്‍ ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നേരത്തെ അറിയിച്ചിരുന്നു. 2024ല്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പോടെയാണ് പുതിയ ടൂര്‍ണമെന്റ് ഷെഡ്യൂളിന് തുടക്കമാവുന്നത്.

2024 ടി-20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ടീമുകളെ ഉള്‍ക്കൊള്ളിച്ചാണ് 2024 ലോകകപ്പ് നടക്കുന്നത്.

2027ലും 2031ലും നടക്കുന്ന ഐ.സി.സി ലോകകപ്പിലും ടീമുകളുടെ എണ്ണം വര്‍ധിക്കും. 14 ടീമുകളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നിലവില്‍ 10 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

ഐ.സി.സി ടി-20ലോകകപ്പിന്റെ ആറാം പതിപ്പ് ഇന്ത്യയില്‍ വെച്ചായിരുന്നു നടന്നിരുന്നത്. ആ സീസണില്‍ വെസ്റ്റ് ഇന്‍ഡിസായിരുന്നു കിരീടം ചൂടിയിരുന്നത്.

ഇതിന് മുന്‍പ് 2011ലെ ലോകകപ്പാണ് ഇന്ത്യയില്‍ വെച്ച് നടന്നത്. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistan to host 2025 ICC Champions Trophy