ഇസ്‌ലാമാബാദ്: ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചയാളെ ആദരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
മാലിക് അദ്‌നാന്‍ എന്നയാള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവില്‍ അവാര്‍ഡായ തംഗാ ഐ ഷുജാതാണ് സമ്മാനിക്കുന്നത്.
‘രാജ്യത്തിന് വേണ്ടി അദ്‌നാന്റെ ധീരതയെ ആദരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് പ്രിയന്തയെ രക്ഷിക്കാന്‍ ശ്രമിച്ചു,’ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
സിയാല്‍ക്കോട്ടിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന 40കാരനായ പ്രിയന്തയെ മതനിന്ദ ആരോപിച്ച് തെഹ്‌രിക ഇ ലബെയ്ക പ്രവര്‍ത്തര്‍ കൊലപ്പെടുത്തിയിരുന്നു.
കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതിന് മുന്നെ കൊലപാതകികള്‍ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.
ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്തിരുന്ന ടി.എല്‍.പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്തതും കൊലപ്പെടുത്തിയതുമെന്നാണ് റിപ്പോര്‍ട്ട്.
പ്രിയന്തയുടെ മൃതദേഹത്തിന് ചുറ്റുമായി നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നതും ടി.എല്‍.പിയുടെ മുദ്രാവാക്യം വിളിക്കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതുവരെ 113 പേര്‍ അറസ്റ്റിലായെന്നും കുറ്റവാളികള്‍ക്കെതിരെ ഒരു ദയയും ഉണ്ടാവില്ലെന്നും, ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സയെ ഫോണില്‍ അറിയിച്ചു.
കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രിയന്തയുടെ ഭാര്യ ഇരുരാഷ്ടങ്ങളുടേയും തലവന്‍മാരോട് ആവശ്യപ്പെട്ടു.
എന്റെ ഭര്‍ത്താവിനും മക്കള്‍ക്കും നീതി ലഭ്യമാക്കണമെന്ന് ശ്രീലങ്കയിലേയും പാകിസ്ഥാനിലേയും നേതാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” പ്രിയന്തയുടെ ഭാര്യ പറഞ്ഞു. ബി.ബി.സിയോടായിരുന്നു പ്രതികരണം.
നിരോധിത സംഘടനയായിരുന്നു ടി.എല്‍പി. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഈയിടെയാണ് നിരോധനം എടുത്തുമാറ്റിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pakistan to honour citizen who tried to save Sri Lankan man from Sialkot mob