| Friday, 1st March 2019, 8:04 pm

'ഇത് പ്രകൃതിക്ക് എതിരെയുള്ള ആക്രമണം'; ബാലാക്കോട്ട് ആക്രമണത്തിൽ വനം നശിച്ചുവെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് പാകിസ്ഥാന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ബാലാകോട്ടിൽ നടന്ന വ്യോമാക്രമണത്തിൽ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകി പാകിസ്ഥാൻ. “പ്രകൃതി-തീവ്രവാദം” എന്നാണ് പാകിസ്ഥാൻ ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്. മാത്രമല്ല, ഇന്ത്യയുടെ നടപടി രണ്ട് ആണവ ശക്തികളെ സംഘർഷത്തിലേക്ക് എത്തിച്ചുവെന്നും പാകിസ്ഥാൻ പരാതിയിൽ പറയുന്നു.

Also Read ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവരുത്; ഇനി അഥവാ യുദ്ധം ഉണ്ടായാല്‍ എക്കാലത്തേതിലും വിനോദകരമായ യുദ്ധമായിരിക്കുമത്; വിവാദ പരാമര്‍ശവുമായി ട്രെവര്‍ നോവ

ഇന്ത്യ ഒരു വനസംരക്ഷണ മേഖലയിലാണ് ബോംബിട്ടതെന്നും ഇവിടെ ഉണ്ടായ പ്രകൃതി നശീകരണം എത്രത്തോളമാണെന്നു വിലയിരുത്തി വരികയാണെന്നും പാകിസ്ഥാന്റെ കാലാവസ്ഥ മാറ്റത്തിന്റെ ചുമതലയുള്ള മന്ത്രി മാലിക് അമീൻ അസ്ലം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി തയാറാക്കിയതെന്നും അസ്‌ലം പറഞ്ഞു.

“ഇത് പ്രകൃതിക്ക് എതിരെയുള്ള തീവ്രവാദമാണ്. ഡസൻ കണക്കിന് പൈൻ മരങ്ങളാണ് ആക്രമണത്തിൽ നശിച്ചത്. ഗുരുതരമായ പ്രകൃതി നശീകരണം സംഭവിച്ചിട്ടുണ്ട്.” മാലിക് അമീൻ അസ്‌ലം റോയിറ്റേഴ്‌സിനോട് പറഞ്ഞു.

പ്രകൃതിക്ക് നേരെയുള്ള ഒരു ആക്രമണവും കണ്ടു നിൽക്കാൻ ആവില്ലെന്നും, ഇതിനെ സൈനിക നടപടി എന്ന പേരിൽ ന്യായീകരിക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു. പ്രകൃതിക്ക് നേരെയുള്ള മനപ്പൂർവ്വമായ ആക്രമണം യു.എൻ ജനറൽ അസംബ്ലിയുടെ 47/37 ചട്ടപ്രകാരം കുറ്റകരമാണെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.

Also Read ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെന്ന് മോദി; സ്വയം പരിഹാസ്യനാവുന്നത് നിര്‍ത്താനായില്ലേയെന്ന് കോണ്‍ഗ്രസ്

രണ്ട് റോയിറ്റേഴ്‌സ് പ്രതിനിധികൾ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. നാല് ആഴത്തിലുള്ള ഗർത്തങ്ങൾ ഇവിടെ രൂപപ്പെട്ടതും, 15 പൈൻ മരങ്ങൾ ഇവിടെ വീണു കിടക്കുന്നതുമാണ് ഇവർ കണ്ടെത്തിയത്. എന്നാൽ, ഇന്ത്യ അവകാശപ്പെടുന്നത് പോലെ നൂറുകണക്കിന് തീവ്രവാദികളൊന്നും ഇവിടെ മരണപ്പെട്ടിട്ടില്ലെന്ന് ഇവിടുത്തെ താമസക്കാർ അവരോടു പറഞ്ഞു.

കഴിഞ്ഞ മാസം 26നാണ് പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാന്മാർ കൊല്ലപ്പെട്ടതിന് തിരിച്ചടി എന്നോണം ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും 40 കിലോമീറ്റർ ഉള്ളിലായാണ് ബാലാക്കോട്ടിന്റെ സ്ഥാനം. ആക്രമണത്തിൽ മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നുവെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

Also Read സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ

എന്നാൽ ഇങ്ങനെ ഒരു ക്യാമ്പും ഇന്ത്യ ബോംബിട്ട പ്രദേശങ്ങളിൽ ഇല്ലായിരുന്നുവെന്നും പ്രായമായ ഒരു മനുഷ്യന് മാത്രമാണ് പരിക്കേറ്റതെന്നുമാണ് ബാലാകോട്ടിലെ താമസക്കാർ പറയുന്നത്.

We use cookies to give you the best possible experience. Learn more