ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇത്തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഒരേ ഗ്രൂപ്പില്‍ നിന്നാണ് ഇരുടീമുകളും സെമി ഫൈനലിലെത്തിയത്. ഇന്ത്യ ഇംഗ്ലണ്ടിനെയും പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെയുമാണ് സെമിയില്‍ നേരിടുക. ഇംഗ്ലണ്ടിനെയും ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചാല്‍ ഇന്ത്യക്കും പകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടാം.
സെമി ഫൈനലിന് ശേഷം ഒരു വിമാനത്തില്‍ ഇന്ത്യയും മറ്റൊരു വിമാനത്തില്‍ പാകിസ്ഥാനും നാട്ടിലേക്ക് തിരികെ വരണമെന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നും ഷൊയ്ബ് അക്തര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തറിന്റെ പ്രതികരണം.
ഇന്ത്യ-പാക് ഫൈനല്‍ വരികയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഐ.സി.സിക്കും കൂടുതല്‍ സന്തോഷം നല്‍കുമെന്നും അക്തര്‍ വ്യക്തമാക്കി.
‘പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ കടന്നിരിക്കുകയാണ്. നെതര്‍ലന്‍ഡ്സിന് നന്ദി. ഫൈനലില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ വീണ്ടും കാണണം. ഇന്ത്യ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഫൈനലിലെ ഫലം,’ ഷൊയ്ബ് അക്തര്‍ പറഞ്ഞു.
അതേസമയം, പാകിസ്ഥാന്റെ സെമി സാധ്യതകള്‍ അവസാനിച്ചെന്ന് കരുതിയ സമയത്ത്, സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ പുറത്താകുമെന്നാണ് അക്തര്‍ പറഞ്ഞിരുന്നത്.
പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഈ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയോടും തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് സാധ്യതകള്‍ അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് പാകിസ്ഥാന്‍ തിരുച്ചുവന്നത്.