പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരിശീലകസ്ഥാനത്ത് മുന്‍ കോച്ച് മിക്കി ആര്‍തര്‍ എത്തിയേക്കുമെന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അദ്ദേഹവുമായുള്ള കരാര്‍ രണ്ടാഴ്ചക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി).
എന്നാല്‍ പരിശീലകനായി ചുമതലയേറ്റെടുത്താലും അദ്ദേഹം പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ വെച്ച് ഈ വര്‍ഷം നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് വരെ അദ്ദേഹം ഓണ്‍ലൈനിലൂടെയായിരിക്കും പാകിസ്ഥാന്‍ ടീമിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകകപ്പില്‍ താന്‍ ടീമിനൊപ്പമുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഫുള്‍ ടൈം ബേസിസില്‍ ഡെര്‍ബിഷെയറിന്റെ പരിശീലകനായി മിക്കി ആര്‍തര്‍ തുടരുകയും ചെയ്യും.
നാഷണല്‍ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡ് കാരണം ആര്‍തറിന്റെ സേവനം തുടരാനാണ് നജാം സേഥിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഗ്രഹിക്കുന്നത്.
സൗത്ത് ആഫ്രിക്കക്കാരനായ മിക്കി ആര്‍തര്‍ 2016 മുതല്‍ 2019 വരെ പാകിസ്ഥാന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു.
അദ്ദേഹത്തിന്റെ രീതി പ്രകാരം ബാറ്റിങ് കോച്ചിനെയും ബൗളിങ് കോച്ചിനെയും ആര്‍തര്‍ നിര്‍ദേശിക്കും. ഇതിന് പുറമെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ഒരു അസിസ്റ്റന്റിനെയും അദ്ദേഹം തെരഞ്ഞെടുക്കും. ഇതിനൊപ്പം ഇന്റര്‍നെറ്റിലൂടെ ഓണ്‍ലൈനായി അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ഈ മാസം ആദ്യം നടന്ന പത്രസമ്മേളനത്തില്‍ ആര്‍തര്‍ തന്നെ പാകിസ്ഥാന്റെ കോച്ചായി ചുമതലയേറ്റേക്കുമെന്ന് നജാം സേഥി പറഞ്ഞിരുന്നു.
‘മിക്കി ആര്‍തറിന്റെ അധ്യായം ഇനിയും അടഞ്ഞിട്ടില്ല. വ്യക്തിപരമായി ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവ് ഇപ്പോഴും സാധ്യമാണ്,’ എന്നായിരുന്നു സേഥി പറഞ്ഞത്.
2017ല്‍ പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയത് മിക്കി ആര്‍തറിന്റെ ശിക്ഷണത്തിലാണ്. തുടര്‍ച്ചയായ 11 ടി-20 പരമ്പര വിജയവും ആര്‍തറിന്റെ മേല്‍നോട്ടത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
Content highlight: Pakistan to appoint Micky Arthur as team’s head coach