ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉദ്ദേശം വെച്ച് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്ഥാൻ ഭരണകൂടം. ജെയ്ഷെ നേതാവ് മസൂദ് അസറിനെതിരെ നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് പാകിസ്ഥാനെന്ന് സർക്കാരിലെ ഉന്നത സ്ഥാനീയരെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
മസൂദ് അസറിനെ ആഗോള തീവ്രവാദിയായി മുദ്രകുത്തണമെന്ന യു.എൻ സുരക്ഷാ കൗൺസിലിലെ ആവശ്യത്തിനെതിരായി നിലപാടെടുത്ത പാകിസ്ഥാൻ അത് പിൻവലിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജെയ്ഷെ മുഹമ്മദിനെ അടിച്ചമർത്താനാണ് തീരുമാനമെന്നും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ജെയ്ഷെയ്ക്കെതിരായ നടപടി ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും പാകിസ്ഥാൻ സർക്കാരിലെ ഉന്ന വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു.
ജെയ്ഷെയ്ക്കെതിരെ മാത്രമല്ല നിരോധിക്കപ്പെട്ട എല്ലാ സംഘടനകൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് പാകിസ്ഥാൻ പറഞ്ഞിട്ടില്ല. അസറിനെ വീട്ടുതടങ്കലിൽ ആക്കാനാണോ കസ്റ്റഡിയിൽ എടുക്കാനാണോ ഉദ്ദേശിക്കുന്നതെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല.
Also Read യാത്രക്കാരെ ദുരിതത്തിലാക്കി റെയിൽവെയുടെ പുതിയ പരിഷ്‌ക്കാരം
എന്നാൽ അസർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വൃക്കരോഗം ബാധിച്ച് ചികിൽസയിലായിരുന്ന അസർ പാകിസ്ഥാൻ മിലിട്ടറിക്ക് കീഴിലുള്ള ആശുപത്രിയിൽ വെച്ച് മരണപെട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ. അസറിന്റെ കുടുംബം ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. പാക് സർക്കാരും വാർത്ത സ്ഥിരീകരിക്കാൻ തയാറായില്ല.