പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഒക്ടോബര്‍ ഏഴിന് ആരംഭിക്കാനിരിക്കുകയാണ്. പാകിസ്ഥാനിലെ മുള്‍ത്താന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആംരംഭിക്കുന്ന ഹോം ടെസ്റ്റില്‍ വമ്പന്‍ പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.
കഴിഞ്ഞ കുറേ കാലങ്ങളായി പാകിസ്ഥാന് മികച്ച പ്രകടനം കാഴചവെക്കാന്‍ സാധിക്കാതെ ഹോം മത്സരങ്ങള്‍ അടക്കം പരാജയപ്പെടേണ്ടി വന്നിരുന്നു. അടുത്തിടെ ബംഗ്ലാദേശിനോടുള്ള ടെസ്റ്റ് പരമ്പരയിലാണ് അവസാനമായി പാകിസ്ഥാന്‍ ഹോമില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ 10 ഹോം ടെസ്റ്റിലും തോല്‍വി വാങ്ങിയ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ വിജയം നേടുമെന്ന് പറയുകയാണ് ഇപ്പോള്‍ പാക് ക്യാപ്റ്റന്‍ ഷാന്‍ മസൂദ്.
‘ഇംഗ്ലണ്ടിനെതിരെ കാര്യങ്ങള്‍ തിരുത്താനുള്ള വലിയ അവസരമാണ് ഞങ്ങള്‍ക്കുള്ളത്. മുള്‍ത്താനില്‍ ഞങ്ങള്‍ക്ക് ഒരു നല്ല തുടക്കം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ എല്ലാവരും വളരെ ആവേശത്തിലാണ്.
ഇംഗ്ലണ്ടിനെതിരെ ഞങ്ങള്‍ക്ക് അവിസ്മരണീയമായ മികച്ച ഫലങ്ങള്‍ ലഭിക്കുമെന്ന് കരുതുന്നു. ഇത്രയും കാലം ഒരു ഹോം ടെസ്റ്റ് ജയിക്കാത്തത് പാകിസ്ഥാന് സ്വീകാര്യമല്ല, അതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു,’ തിങ്കളാഴ്ച കറാച്ചിയില്‍ മസൂദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട മസൂദിന് തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍ നേരിടേണ്ടി വന്നിരുന്നു. ബംഗ്ലാദേശിനെതിരെ 2-0ന് പരാജയപ്പെട്ട പാകിസ്ഥാന്‍ ഓസ്ട്രേലിയയില്‍ 3-0 ന് പരാജയപ്പെട്ടിരുന്നു.
Content Highlight: Pakistan Test Captain Shan Masood Talking About Home Test Loses