ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി സമരം നടത്തുവാൻ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്ക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി.
സ്വതന്ത്ര സ്ഥാനാർത്ഥികൾ നൂറോളം സീറ്റുകൾക്ക് മുന്നിട്ടു നിൽക്കുന്ന സാഹചര്യത്തിൽ വോട്ടിന്റെ പവിത്രത സംരക്ഷിക്കുവാനാണ് പി.ടി.ഐ സമരം നടത്തുന്നതെന്ന് എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്വതന്ത്ര സ്ഥാനാർത്ഥികളിൽ എട്ട് പേരൊഴികെ എല്ലാവരെയും പിന്തുണക്കുന്നത് പി.ടി.ഐയാണ്.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി നടത്തിയ യോഗത്തിലാണ് ‘സമാധാനപരമായ പ്രതിഷേധം’ നടത്താൻ തീരുമാനിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഒരുമിക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.
ആകെയുള്ള 265 പാർലമെന്റ് സീറ്റുകളിൽ 257ലും ഫലം പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിൽ നൂറ് സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥികളാണ്.
നവാസ് ശരീഫിന്റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ് (പി.എം.എൽ.എൻ) 73 സീറ്റും ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപിൾസ് പാർട്ടി 54 സീറ്റുകളുമാണ് നേടിയത്. ഇരുപാർട്ടികളും സഖ്യ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
പി.ടി.ഐ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നാരോപിച്ച് ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പി.എം.എൽ.എൻ പാർട്ടി നേതാവായ മുൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെയും മകൻ ഹംസ ഷഹബാസിന്റെയും വിജയങ്ങളെയും കോടതിയിൽ ചോദ്യം ചെയ്തുകൊണ്ട് ഹരജിയുണ്ട്.
അതേസമയം ലാഹോറിൽ നവാസ് ശരീഫിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ട് ഡോ. യാസ്മീൻ റാഷിദ് ലാഹോർ കോടതിയെ സമീപിച്ചു.
അതേസമയം 12ഓളം കേസുകളുടെ അടിസ്ഥാനത്തിൽ ജയിലിലായ ഇമ്രാൻ ഖാൻ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
CONTENT HIGHLIGHT: Pakistan Tehreek-e-Insaf To Hold Nationwide Protest Amid Delay In Election Results Islamabad