പാകിസ്ഥാന് വേണ്ടി അവസാന മത്സരവും കളിച്ച് സൂപ്പര്‍ താരം അസര്‍ അലി. ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ അവസാന ടെസ്റ്റില്‍ ടീമിനായി ബാറ്റ് ചെയ്ത ശേഷമാണ് താരം പാഡഴിക്കുന്നത്.
പാകിസ്ഥാനായി 97 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഈ 37കാരന്‍ 7,142 റണ്‍സാണ് സ്വന്തമാക്കിയത്. 19 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ടെസ്റ്റ് ഫോര്‍മാറ്റില്‍ പാകിസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടിയ അഞ്ചാമത് ബാറ്ററാണ് അസര്‍ അലി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയിലെ മൂന്നാമത്തേയും അവസാത്തേയും ടെസ്റ്റ് കളിച്ച ശേഷം താന്‍ വിരമിക്കുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചിരുന്നത്.
മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഡക്കായി പുറത്തായാണ് താരം തന്റെ 12 വര്‍ഷം നീണ്ടുനിന്ന ഐതിഹാസികമായ കരിയറിന് വിരാമമിട്ടത്. ആദ്യ ഇന്നിങ്‌സില്‍ 68 പന്തില്‍ നിന്നും 45 റണ്‍സ് നേടിയാണ് താരം പാകിസ്ഥാന്‍ ഇന്നിങ്‌സില്‍ കരുത്തായത്.
മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ അസര്‍ അലിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പാകിസ്ഥാന്‍ തങ്ങളുടെ ആദരവ് വ്യക്തമാക്കിയത്.
പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പുറമെ അസറിന്റെ വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച് ഉള്‍പ്പെടെയുള്ള ഇംഗ്ലണ്ട് താരങ്ങള്‍ അസറിനടുത്തേക്ക് ഓടിയെത്തുകയും താരത്തിന് ഫെയര്‍വെല്‍ നല്‍കുകയും ചെയ്തിരുന്നു.
നേരത്തെ മുന്‍ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദും സൂപ്പര്‍ താരം ഷാന്‍ മസൂദും ചേര്‍ന്ന് പാകിസ്ഥാന്റെ 199ാം ടെസ്റ്റ് താരത്തിന് ടീമിന്റെ സ്‌നേഹോപകാരവും നല്‍കിയിരുന്നു.
അതേസമയം, മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 167 റണ്‍സാണ് നേടേണ്ടത്. നിലവില്‍ ഏഴ് ഓവറില്‍ 64 റണ്‍സ് നേടിയ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റും കയ്യിലിരിക്കെ 201 ഓവറില്‍ 103 റണ്‍സ് കൂടി നേടാനായാല്‍ വിജയിക്കാനും പമ്പര വൈറ്റ്‌വാഷ് ചെയ്യാനും സാധിക്കും.
മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 304 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 354 റണ്‍സ് നേടി. 50 റണ്‍സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 216 റണ്‍സ് നേടുകയും 167 റണ്‍സിന്റെ ടാര്‍ഗെറ്റ് ഇംഗ്ലണ്ടിന് മുമ്പില്‍ വെക്കുകയുമായിരുന്നു.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റിലും തോല്‍വിയുടെ വക്കിലാണ്.
Content Highlight: Pakistan team gives guard of honor to Azhar Ali