ഒടുവില്‍ സത്യം പുറത്തുവന്നു, ഇനി പൊളിയാനുള്ളത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന ഇന്ത്യയുടെ വ്യാജ അവകാശവാദം; സുഷമ സ്വരാജിന്റെ പ്രസ്താവനയില്‍ മറുപടിയുമായി പാക്കിസ്ഥാന്‍
national news
ഒടുവില്‍ സത്യം പുറത്തുവന്നു, ഇനി പൊളിയാനുള്ളത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന ഇന്ത്യയുടെ വ്യാജ അവകാശവാദം; സുഷമ സ്വരാജിന്റെ പ്രസ്താവനയില്‍ മറുപടിയുമായി പാക്കിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2019, 12:44 pm

അഹമ്മദാബാദ്: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവനയില്‍ മറുപടിയുമായി പാക്കിസ്ഥാന്‍ സൈന്യം. ഒടുവില്‍ സത്യം പുറത്തുവന്നിരിക്കുന്നു എന്നാിയിരുന്നു പാക്കിസ്ഥാന്‍ മിലിട്ടറി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചത്. ഇനി 2016 ല്‍ ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പൊള്ളത്തരവും പുറത്തുവരട്ടെയന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒടുവില്‍ സത്യം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇനി ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നിലെ വ്യാജ അവകാശവാദം കൂടി പുറത്തുവരേണ്ടതുണ്ട്. അതിനൊപ്പം പാക്കിസ്ഥാന്റെ എഫ് 16 ഫൈറ്റര്‍ ജെറ്റ് വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അവകാശവാദവും തെറ്റായിരുന്നെന്ന് തെളിയും അധികം വൈകാതെ. – എന്നായിരുന്നു ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ സംസാരിക്കവെയാണ് പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് സുഷമാസ്വരാജ് പറഞ്ഞത്.

‘പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിക്കപ്പുറത്ത് നമ്മള്‍ വ്യോമാക്രമണം നടത്തി. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് തിരിച്ചടിച്ചതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് നമ്മള്‍ പറഞ്ഞിരുന്നു. ഒരു പാകിസ്ഥാനി പട്ടാളക്കാരനെയോ അവിടത്തെ പൗരനെയോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാനാണ് നിര്‍ദേശം നല്‍കിയത്. നമ്മുടെ സൈന്യം നിര്‍ദേശം നല്‍കിയത് പോലെ തന്നെ അവിടത്തെ പട്ടാളക്കാരെയോ പൗരന്മാരെയോ അക്രമിക്കാതെ നിര്‍ദ്ദേശം നടപ്പിലാക്കി’ എന്നായിരുന്നു സുഷമാ സ്വരാജിന്റെ വാക്കുകള്‍.