ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാക്കിസ്ഥാന്‍: ഇന്ത്യന്‍ അവകാശവാദം തെറ്റെന്ന് മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ പുറത്ത്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്‌ഷെ താവളം സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാക്കിസ്ഥാന്‍. ഫെബ്രുവരി 26ന് ഇന്ത്യ ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് ഇവര്‍ സന്ദര്‍ശിച്ചത്.
വിദേശ മാധ്യമപ്രവര്‍ത്തകരും നയതന്ത്രജ്ഞരും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
‘ബാലാകോട്ട് ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരടക്കമുള്ള അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു.’ ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വീറ്റു ചെയ്തു.
‘ യാഥാര്‍ത്ഥ്യം ഇന്ത്യന്‍ അവകാശവാദങ്ങള്‍ക്ക് എതിരാണ്.’ എന്നാണ് പാക്കിസ്ഥാനി സൈന്യത്തിന്റെ മാധ്യമ ശൃംഖലയായ ഐ.എസ്.പി.ആര്‍ പറയുന്നത്.
ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസ തകര്‍ത്തെന്ന ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന്‍ എതിര്‍ത്തിരുന്നു. കുറച്ച് മരങ്ങള്‍ മാത്രമാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നതെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞത്.
ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചവരില്‍ തങ്ങളുടെ കറസ്‌പോണ്ടന്റുകളും ഉണ്ടായിരുന്നെന്ന് ബി.ബി.സി ഹിന്ദി അറിയിച്ചു. പാക് ആര്‍മിയുടെ മേല്‍നോട്ടത്തിലായിരുന്നു സന്ദര്‍ശനമെന്നും അവര്‍ പറഞ്ഞു.
ഹെലിപാഡില്‍ പ്രദേശത്ത് ഇറങ്ങിയ സംഘം 1.5 മണിക്കൂര്‍ കുന്നും മറ്റും താണ്ടി നടന്നാണ് സ്ഥലത്തെത്തിയതെന്നും അവര്‍ പറയുന്നു. ‘മൂന്ന് സ്ഥലങ്ങളിലാണ് ഞങ്ങളെ കൊണ്ടുപോയത്. ഭൂമിയില്‍ സ്‌ഫോടനം നടന്നതിന്റെ വിള്ളലുകള്‍ കണ്ടിരുന്നു. ഐ.എ.എഫ് ആക്രമണം നടന്ന സ്ഥലം അതാണെന്ന് അവര്‍ കാണിച്ചു തന്നു. ഒറ്റപ്പെട്ട പ്രദേശമായിരുന്നു അത്.’ അദ്ദേഹം പറയുന്നു.
സ്‌ഫോടനം നടന്നതിന്റെ വിള്ളലുകളും പിഴുതെറിയപ്പെട്ട നിലയിലുള്ള മരങ്ങളും മാത്രമാണ് പ്രദേശത്ത് കണ്ടത്. ഒരു വീടിന് ചെറിയൊരു കേടുപാടു പറ്റിയിട്ടുണ്ട്. ഒരാള്‍ക്ക് ചെറിയ തോതില്‍ പരുക്കുമുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.