| Thursday, 8th August 2019, 3:18 pm

സംഝോത എക്‌സ്പ്രസ് എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് പാക് റെയില്‍വേ മന്ത്രി; ഇന്ത്യന്‍ സിനിമയ്ക്കും നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന്‍. സംഝോത എക്‌സ്പ്രസ് സേവനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു.

ആഴ്ചയില്‍ രണ്ടുതവണയായിരുന്നു സംഝോത എക്‌സ്പ്രസ്. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് ലാഹോര്‍ ഡി.എസ് ഓഫീസില്‍ നിന്നും പണം തിരികെ ലഭിക്കുമെന്നും റാഷിദ് അഹമ്മദ് വ്യക്തമാക്കി.

അതിനിടെ, ഇന്ത്യന്‍ സിനിമകള്‍ക്കും പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മോദി സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു. ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറക്കാനും വ്യാപാരം നിര്‍ത്തിവെക്കാനുമുള്ള
തീരുമാനം എടുത്തത്.

ഇന്ത്യന്‍ നിയുക്ത ഹൈകമ്മീഷണറെയും പാക്കിസ്ഥാന്‍ പുറത്താക്കി. ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നും പാക്കിസ്ഥാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു.

‘എന്തുകൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ ഇവിടെയുള്ളത്? എന്തുകൊണ്ടാണ് നമ്മള്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കാത്തത്. ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു നയതന്ത്രവും നടക്കാത്തപ്പോള്‍ നമ്മുടെ അംബാസഡര്‍ എന്താണ് ഇന്ത്യയില്‍ ചെയ്യുന്നത്’ ഫവാദ് ചൗധരി ചോദിച്ചിരുന്നു.

ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അജയ് ബിസാരിയ നല്ലൊരു വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഫവാദ് പ്രതികരിച്ചു. കശ്മീരിനെ മറ്റൊരു പലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more